shan

ആലപ്പുഴ: ആക്രമിക്കപ്പെടുന്നതിന് പത്ത് മിനിട്ട് മുൻപാണ് എസ് ഡി പി ഐ നേതാവ് ഷാൻ ഭാര്യ ഫൻസിലയെ വിളിച്ചത്. പത്ത് മിനിട്ടിനുള്ളിൽ എത്താമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്നാൽ കാത്തിരുന്ന പൊന്നാമനകൾക്ക് മുന്നിലെത്തിയത് ബാപ്പയുടെ മൃതദേഹവും...

ശനിയാഴ്ച രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. ചെറിയ പരിക്ക് പറ്റിയെന്ന് മാത്രമാണ് ഫൻസിലയോടും മക്കളോടും പറഞ്ഞിരുന്നത്. ഇന്നലെ രാവിലെ മാത്രമാണ് ബന്ധുക്കൾ മരണവിവരം ഫൻസിലയെ അറിയിച്ചത്. ഇതോടെ അവർ തളർന്നുവീണു. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫിബയും, നഴ്‌സറി വിദ്യാർത്ഥിനിയായ ഫിദയും ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ബന്ധുക്കളും തേങ്ങി.

'എന്റിക്ക ഇല്ലാത്ത വീട്ടിൽ ഞാനിനി എന്തിനാ. ഇക്ക പാവമായിരുന്നില്ലേ, എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഫൻസിലയുടെ നിലവിളി. ഇന്നലെ വൈകിട്ടാണ് ഷാനിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹം മുഹിയിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.