
കൊച്ചി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) വൈകുമെന്ന പ്രചാരണങ്ങൾ തള്ളി ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റിന്റെ (ദിപം) സെക്രട്ടറി തുഹീൻ കാന്ത പാണ്ഡേ.
എൽ.ഐ.സിയുടെ മൂല്യനിർണയം വൈകുന്നതിനാൽ പ്രാരംഭ ഓഹരി വില്പന അടുത്ത സാമ്പത്തിക വർഷത്തേക്ക് (202223) നീളുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, നടപ്പുവർഷത്തെ അവസാനപാദമായ ജനുവരിമാർച്ചിൽ ഐ.പി.ഒ പ്രതീക്ഷിക്കാമെന്ന് തുഹീൻ കാന്ത പാണ്ഡേ പറഞ്ഞു. ഐ.പി.ഒയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെയും (സെബി) ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും (ഐ.ആർ.ഡി.എ.ഐ) അനുമതിയും ലഭിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് എൽ.ഐ.സി. വൈവിദ്ധ്യങ്ങളായ ഉത്പന്നങ്ങളുമുണ്ട്. ഉപകമ്പനികളും ധാരാളം ഭൂസ്വത്തുമുണ്ട്. ഇതുപരിഗണിക്കുമ്പോൾ മൂല്യനിർണയത്തിന് കാലതാമസം നേരിടുമെന്നായിരുന്നു സൂചനകൾ. എന്നാൽ, ഇതെല്ലാം തെറ്റായ പ്രചാരണങ്ങളാണെന്ന് തുഹീൻ കാന്ത പാണ്ഡേ ഇന്നലെ ട്വീറ്റിലൂടെ വ്യക്തമാക്കി.
എൽ.ഐ.സി ഐ.പി.ഒയ്ക്ക് കേന്ദ്ര കാബിനറ്റിന്റെ സാമ്പത്തികകാര്യ സമിതിയുടെ പ്രാഥമിക അനുമതി നേരത്തേ ലഭിച്ചിരുന്നു. ഐ.പി.ഒ നടപടിക്രമങ്ങൾ തയ്യാറാക്കാനായി 10 മർച്ചന്റ്സ് ബാങ്കുകളെയും കേന്ദ്രം തിരഞ്ഞെടുത്തിരുന്നു.
കാത്തിരിക്കുന്നത് വമ്പൻ ഐ.പി.ഒ
എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ കൈവശമാണ്. ഓഹരി വില്പനയ്ക്ക് മുന്നോടിയായി എൽ.ഐ.സി ആക്ട് 1956 ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം, ഐ.പി.ഒയ്ക്ക് ശേഷം ആദ്യഅഞ്ചുവർഷം കുറഞ്ഞത് 75 ശതമാനം ഓഹരി പങ്കാളിത്തം സർക്കാർ നിലനിറുത്തണം. പിന്നീടിത്, 51 ശതമാനത്തിലേക്ക് കുറയ്ക്കാം.
എൽ.ഐ.സിയുടെ 510 ശതമാനം ഓഹരികളാണ് ഐ.പി.ഒയിലൂടെ വിറ്റഴിക്കുക. ഇതിലൂടെ ഒരുലക്ഷം കോടി രൂപ സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയായിരിക്കും അത്. ഐ.പി.ഒ വഴി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ, 810 ലക്ഷം കോടി രൂപ വിപണിമൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളുടെ ക്ലബ്ബിൽ അംഗമാകാനും എൽ.ഐ.സിക്ക് കഴിയും.
1.75 ലക്ഷംകോടി
നടപ്പുവർഷം (202122) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ നേടുകയാണ് കേന്ദ്രലക്ഷ്യം. ഇതിൽ ഒരുലക്ഷം കോടി രൂപയും പ്രതീക്ഷിക്കുന്നത് എൽ.ഐ.സി ഐ.പി.ഒ., പൊതുമേഖലാ ബാങ്കോഹരി വില്പന എന്നിവയിലൂടെയാണ്. ബാക്കി ബി.പി.സി.എൽ ഉൾപ്പെടെ മറ്റ് പൊതുമേഖലാ ഓഹരി വില്പനവഴിയും. എയർഇന്ത്യയെ 18,000 കോടി രൂപയ്ക്ക് ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.