
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല. രാജ്യസഭയിൽ ഇന്ന് ബില്ല് കൊണ്ടുവരും എന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇതുവരെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. അവതരിപ്പിക്കണമെന്ന് സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാൻ സാധിക്കും.
കോൺഗ്രസിൽ ഇപ്പോഴും ഇക്കാര്യത്തിൽ ആശയഭിന്നത തുടരുന്ന സാഹചര്യത്തിൽ ബില്ലിന്മേൽ സ്വീകരിക്കേണ്ട നിലപാട് ഇന്ന് തീരുമാനിച്ചേക്കും. ബില്ലിനോട് വിയോജിക്കുമ്പോഴും എതിർത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പവും കോൺഗ്രസിലുണ്ട്. ബില്ല് തള്ളിക്കളയുന്ന നിലപാടാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്വീകരിച്ചത്. എന്നാൽ വിവാഹപ്രായം ഉയർത്തുന്നതിനോട് യോജിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്.
പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ നിർദ്ദേശപ്രകാരം ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടാനാണ് സിപിഎമ്മിന്റെ തീരുമാനം. മുസ്ലീം ലീഗും എസ്പിയും എംഐഎമ്മും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ഇപ്പോഴും മൗനം തുടരുകയാണ്. അതേസമയം വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കോടതിക്ക് പുറത്ത് കേസുകൾ മദ്ധ്യസ്ഥതയിൽ തീർക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെട്ട ബില്ലും ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.