
ബത്തേരി: മാനസികപ്രശ്നമുള്ളവർക്ക് ചികിത്സ നൽകിയിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. വയനാട് അരിവയൽ വട്ടപ്പറമ്പിൽ വി എം സലിം ആണ് പിടിയിലായത്.
കുടുംബാംഗങ്ങൾക്ക് ചികിത്സ നൽകാനെന്നതിന്റെ പേരിൽ ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്ന പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിയിൻമേലാണ് അറസ്റ്റ്. ആരോഗ്യവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വ്യാജഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു. ഡി എം ഓയുടെ നിർദേശപ്രകാരം പ്രത്യേക മെഡിക്കൽ സംഘമെത്തിയാണ് പരിശോധന നടത്തിയത്. ഇയാളിൽ നിന്നും വ്യാജസർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. ഇയാൾക്ക് പ്ളസ് ടു യോഗ്യത മാത്രമാണുണ്ടായിരുന്നത്.
എംഫിൽ, പിഎച്ച്ഡി, എംഎസ് സൈക്കോളജിസ്റ്റ് എന്നിങ്ങനെ ലെറ്റർപാഡിൽ രേഖപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾ വീട്ടിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. മാനസിക സമ്മർദ്ദം അളക്കാനെന്ന പേരിൽ സ്ഥാപിച്ചിരുന്ന യന്ത്രവും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ കെ പി ബെന്നി, എ എസ് ഐമാരായ കെ അനീഷ്, എം പി ഉദയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സണ്ണി ജോസഫ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.