
ന്യൂഡൽഹി: കറൻസി നോട്ടുകൾ എന്നുപറഞ്ഞാൽ ഒരുരൂപ മുതൽ 2000 രൂപ വരെയുള്ള നോട്ടുകൾ മാത്രമായിരിക്കും നമ്മുടെ ഓർമ്മയിൽ എത്തുന്നത്. എന്നാൽ ഒട്ടുമിക്കവർക്കും അറിയാത്ത ഒരു നോട്ടും ഇന്ത്യയിലുണ്ട്. പൂജ്യം രൂപ നോട്ടാണ് അത്. അധികം ആർക്കും അറിയില്ലെങ്കിലും ഒരു ദശാബ്ദത്തിലേറെയായി ഈ നോട്ടുകൾ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്.
സാധാരണ കറൻസിനോട്ടുകളുടെ ലക്ഷ്യം വിനിമയമാണെങ്കിലും പൂജ്യം രൂപ നോട്ടുകളുടെ ലക്ഷ്യം അതല്ല. അഴിമതിക്കും കൈക്കൂലിക്കും എതിരെയുള്ള ഒരു പോരാട്ടമെന്നനിലയിലാണ് പൂജ്യം രൂപ നോട്ടുകൾ ഇറക്കിയത്. ശരിക്കുപറഞ്ഞാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ട്രോളുകയാണ് ലക്ഷ്യം. അതിനാൽ തന്നെ സാധാരണ നോട്ടുകൾ അച്ചടിക്കുന്ന റിസർവ് ബാങ്ക് ഒഫ് ഇന്ത്യയല്ല പൂജ്യം രൂപ നോട്ടുകൾ അച്ചടിക്കുന്നത്. പക്ഷേ, കെട്ടിലും മട്ടിലുമൊക്കെ റിസർവ് ബാങ്ക് അച്ചടിക്കുന്ന നോട്ടുകളെപ്പോലെതന്നെ. അതിനാൽ ആരും ഇതിനെ എളുപ്പത്തിൽ തിരിച്ചറിയില്ല.

പിറവിയുടെ ചരിത്രം
2007 -ൽ ഫിഫ്ത്ത് പില്ലർ എന്ന എൻ ജി ഒയാണ് ഈ നോട്ട് ഇറക്കിയത്. നിലവിലുള്ള 50 രൂപ നോട്ടിനോട് സാമ്യമുള്ളതാണ് പൂജ്യം രൂപാ നോട്ടുകൾ.മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറും അസോസിയേഷൻ ഫോർ ഇന്ത്യയുടെ ഡവലപ്‌മെന്റ് ഇൻകോർപറേഷന്റെ യു.എസിലെ ഡയറക്ടറുമായ സതീന്ദർ മോഹൻ ഭഗത് എന്ന ഇന്ത്യൻ പ്രവാസിയാണ് ഈ ആശയത്തിന് തുടക്കമിട്ടത്. തമിഴ്‌നാട് ആസ്ഥാനമായുള്ള ഈ സംഘടന ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ദശലക്ഷക്കണക്കിന് നോട്ടുകളാണ് അച്ചടിച്ചിട്ടുള്ളത്. പൂജ്യം രൂപ നോട്ടുകൾ റെയിൽവേസ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും വിതരണം ചെയ്ത് അഴിമതിക്കെതിരെ ജനങ്ങളെ ബോധവത്‌കരിക്കാനും സംഘടന മുന്നിലുണ്ട്. നിങ്ങളോട് ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ ഈ നോട്ട് കൊടുത്ത് കേസ് റിപ്പോർട്ട് ചെയ്യൂ എന്നാണ് നോട്ടിൽ കുറിച്ചിരിക്കുന്നത്.
ഇന്ത്യക്കാർക്ക് കൂടുതൽ അറിയില്ലെങ്കിലും ലോകത്തെ ചില രാജ്യങ്ങളൊക്കെ പൂജ്യം രൂപ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. യെമൻ, ഘാന, മെക്സിക്കോ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ പ്രധാനികൾ. കടുത്ത പ്രശ്നമായ കൈക്കൂലിയെയും അഴിമതിയെയും തുടച്ചുനീക്കുകതന്നെയായിരുന്നു അവരുടെയും ലക്ഷ്യം. ഒരുപരിധിവരെ അവർ അതിൽ വിജയിക്കുകയും ചെയ്തുവത്രേ.