elon-musk

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ധനികൻ എലോൺ മസ്കിന് ഈ സാമ്പത്തിക വർഷം അടയ്ക്കേണ്ടി വരുന്ന നികുതി വിവരം പുറത്ത്. എലോൺ മസ്ക് തന്നെയാണ് കണക്കുകൾ പുറത്തു വിട്ടത്. 11 ബില്ല്യൺ അമേരിക്കൻ ഡോളറാണ് ഈ വർഷം എലോൺ മസ്കിന് നികുതി ഇനത്തിൽ അടക്കേണ്ടി വരിക. ഇത് ഏകദേശം 83,589 കോടി ഇന്ത്യൻ രൂപയോളം വരും.

കുറച്ചു ദിവസങ്ങളായി അമേരിക്കൻ സെനറ്റർ എലിസബത്ത് വാറനും എലോൺ മസ്കും തമ്മിൽ ഇക്കാര്യത്തിൽ ട്വിറ്റർ യുദ്ധം നടക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെ ടാക്സ് വർദ്ധനവുമായി ബന്ധപ്പെട്ട് എലിസബത്ത് വാറൻ ചെയ്ത ട്വീറ്റിൽ ഈ വർഷത്തെ മികച്ച വ്യക്തിക്കുള്ള പുരസ്തകാരം നേടിയ വ്യക്തി തന്റെ നികുതി അടച്ചിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഇത്രയേറെ ഭാരം ചുമക്കേണ്ടി വരില്ലായിരുന്നുവെന്ന് അഭിപ്രായപ്പട്ടിരുന്നു. ടൈംസ് മാഗസിന്റെ ഊ വർഷത്തെ ഏറ്റവും മികച്ച വ്യക്തിക്കുള്ള പുരസ്കാരം ഈ വർഷം ലഭിച്ചത് മസ്കിനായിരുന്നു.

ഈ ട്വീറ്റിനുള്ള മറുപടിയായിട്ടാണ് മസ്ക് തനിക്ക് ഈ വർഷം അടക്കേണ്ടി വരുന്ന നികുതി തുകയുടെ വിവരങ്ങൾ പുറത്തു വിട്ടത്. ഏതൊരു അമേരിക്കൻ പൗരനും ചരിത്രത്തിൽ ഇന്നേവരെ അടച്ചതിൽ വച്ച് ഏറ്റവും ഉയർന്ന നികുതിയായിരിക്കും ഇത്തവണ താൻ അടയ്ക്കുകയെന്ന് മസ്ക് നേരത്തെ തന്നെ പറഞ്ഞിരുന്നു.