
മലയാളികളുടെ നാവിൽ രുചിയുടെ പെരുമഴ തീർക്കുന്ന വിഭവങ്ങളാണ് കപ്പ പുഴുക്കും ചമ്മന്തിയും. ആ രുചിമേളം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി മലൈക അറോറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വീണ്ടും കപ്പയുടെ മാഹാത്മ്യം വിളിച്ചോതുന്നത്.
ഇൻസ്റ്റയിൽ സ്റ്റോറിയുടെ രൂപത്തിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തനി മലയാളി പെൺകുട്ടി എന്നൊരു കമന്റും മലൈക ചിത്രങ്ങൾക്കൊപ്പം എഴുതിയിട്ടുണ്ട്.
ഇടയ്‌ക്കെല്ലാം മലയാളി രുചികൾ പരീക്ഷിക്കുകയും അത് ആരാധർക്കൊപ്പം പങ്കിടുകയും ചെയ്യാറുണ്ട് താരം. ഓണത്തിന് തൂശനിലയിൽ ചോറുണ്ണുന്നതും കൊഞ്ചും മാങ്ങയും മുരിങ്ങക്കായയുമിട്ട് കറി ഉണ്ടാക്കുന്നതുമെല്ലാം ഇൻസ്റ്റയിൽ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. മലൈകയുടെ അമ്മ മലയാളിയാണെന്നതാണ് താരത്തിന് കേരളരുചിയോട് ഇത്രയും അടുപ്പമുണ്ടാകാനുള്ള പ്രധാന കാരണം.