shan-murder-

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതക കേസിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. ആലപ്പുഴ മണ്ണ‌ഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടൻ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ് പി ജി. ജയദേവ് പറഞ്ഞു. ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നും എസ് പി അറിയിച്ചു.

രണ്ടുപേരും ആർ എസ് എസിന്റെ സജീവ പ്രവർത്തകരാണ്. കേസിലെ ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കൂടുതൽ പ്രതികൾ അറസ്റ്റിലായാൽ മാത്രമേ കൊലപാതകത്തിന്റെ കാരണം അടക്കം വ്യക്തമാവുകയുള്ളൂ. രഞ്ജിത്ത് കൊലക്കേസിലെ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്നും എസ് പി പറഞ്ഞു.

കേസിൽ രണ്ടുപേർ അറസ്റ്റിലായെന്ന് എഡിജിപി വിജയ് സാഖറെ സ്ഥിരീകരിച്ചു. ഷാൻ കൊലക്കേസുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഉടൻ തന്നെ പിടിയിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ പ്രസാദാണ് കൊലപാതകം ആസൂത്രണം ചെയ്തതും വാഹനം ഏർപ്പാടാക്കിയതും. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരിൽ ബാക്കിയുള്ള എട്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകും. കൊലയ്ക്ക് പിന്നിൽ മറ്റ് ഗൂഢാലോചനകൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കുമെന്ന് എഡിജിപി പറഞ്ഞു.

രഞ്ജിത്ത് കൊലക്കേസിൽ നിലവിൽ പന്ത്രണ്ട് പ്രതികളാണുള്ളത്. കൂടുതൽ പ്രതികളുണ്ടാകാനും സാദ്ധ്യതയുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.