
അധികം വാതുറക്കാതിരിക്കുന്നവരും ഇഷ്ടവിഷയമാണെങ്കിൽ വാചാലരാകും. ചിലർ ജീവിത പങ്കാളിയെക്കുറിച്ചാകും വാതോരാതെ സംസാരിക്കുക. ചിലർക്ക് മക്കൾ മാഹാത്മ്യം. ചിലർക്ക് രാഷ്ട്രീയം. ചിലർ ആത്മപ്രശംസയുടെ മഴ പെയ്യിക്കും. മദ്യം, പരദൂഷണം, ഭക്ഷണം, ഭക്തി അങ്ങനെ ഓരോരുത്തരുടെയും വാസനയനുസരിച്ചായിരിക്കും വാചാലത.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ചെറിയ ജോലിയുള്ള ഗീത മിക്കവാറും സംസാരിച്ചെത്തുന്നത് സുനിതടീച്ചറിലായിരിക്കും. മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡൊന്നും കിട്ടിയിട്ടില്ല. രാഷ്ട്രീയ പിൻബലമോ സംഘടനാ പാടവമോ ഒന്നുമില്ല. എങ്കിലും മുന്നിലിരുന്ന് പഠിച്ചുപോയ ആയിരക്കണക്കിന് കുട്ടികളുടെ ആരാധനാപാത്രമാണ് അവർ. സ്കൂളിൽ പഠിക്കുമ്പോഴേ ആഗ്രഹിച്ചത് അദ്ധ്യാപികയാകാൻ. പഠിച്ചിറങ്ങി മൂന്നുമാസം തികയും മുമ്പേ കിട്ടി ആ ജോലി. മൂന്ന് ദശാബ്ദങ്ങൾക്കുശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. അവസാന നാളുകളിൽ പണവും പ്രലോഭനങ്ങളും വല്ലാതെ വീർപ്പുമുട്ടിച്ചു. അദ്ധ്യാപകനിയമനങ്ങളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാഗ്ദാനം. ഉന്നത രാഷ്ട്രീയ - സാമുദായിക നേതാക്കളുടെ ഇടപെടലുകൾ. അതിനെയെല്ലാം അതിജീവിച്ചു. കുട്ടിക്കാലത്ത് തോടിനുകുറുകെയുള്ള തെങ്ങിൻ  തടി പാലം കടന്നുവേണം സ്കൂളിൽ പോകാൻ. ആ മനക്കരുത്തും അഭ്യാസവും പ്രലോഭനങ്ങളെ കണ്ണടച്ച് താണ്ടിപ്പോകാൻ സഹായിച്ചു. കണ്ണടയുമ്പോൾ ഒരു സെന്റ് ഭൂമിയില്ലാത്തതും നൂറേക്കർ ഭൂമിയുള്ളതും തമ്മിൽ എന്തു ഭേദം. ഒറ്റമുറിവീടും പഞ്ചനക്ഷത്രഹോട്ടലുകളും ആഡംബരവീടുകളും ഉള്ളതും തമ്മിൽ എന്തു വ്യത്യാസം. രോഗശയ്യയിലായാലും ചുറ്റുമുള്ളവർക്ക് പകർന്നുകൊടുക്കാൻ മനം നിറയെ ആനന്ദവും സ്നേഹവും ഉണ്ടാകണം. അതാണ് പുണ്യജന്മം. സുനിതടീച്ചർ പറയാറുള്ള വാക്കുകൾ സ്ഥാപനത്തിൽ വരുന്ന അടുപ്പക്കാരോട് ഗീത പറയാറുണ്ട്.
ബാല്യത്തിലേ നല്ലൊരു ഗായികയാണ് സുനിത. ജീവിത പ്രാരാബ്ധങ്ങൾ അതിനെ പോഷിപ്പിച്ചില്ലെന്ന് മാത്രം. ഏക മകന് ഓട്ടിസം ബാധിച്ചു. അതോടെ ഭർത്താവ് മാനസികമായി തളർന്നുപോയി. ഒന്നാംക്ലാസിൽ അതിബുദ്ധിമാനെന്ന് അദ്ധ്യാപകർ പ്രശംസിച്ച മകനെ രോഗം പിടികൂടിയത് ഞെട്ടിക്കുന്ന രീതിയിലായിരുന്നു. കാണാൻ സുന്ദരൻ. സംഗീത പ്രിയവുമുണ്ട്. പക്ഷേ ശരീരത്തെക്കാൾ പത്തുവയസ് പിന്നിലാണ് ബുദ്ധി. തന്റെ സ്വകാര്യദുഃഖം ഒരിക്കലും സുനിതടീച്ചർ ക്ലാസിൽ പ്രകടിപ്പിച്ചില്ല. പഠിപ്പിക്കുമ്പോൾ എല്ലാം മറക്കും. അതൊരു പ്രാർത്ഥനയോ തപസോ ആണെന്ന പക്ഷക്കാരിയാണ് സുനിത. വിരമിച്ചശേഷം ഭാഗവത പ്രഭാഷണം. സംഗീത ആൽബങ്ങൾ. സംഗീതപ്രവാഹത്തിൽ ദുഃഖത്തിന്റെ പൊങ്ങുതടികൾ ഒഴുകിപ്പോകുന്നത് നോക്കിയിരിക്കും. ന്യൂനതയുണ്ടെങ്കിലും ഈ മകനെക്കൂടി ദൈവം നല്കിയിരുന്നില്ലെങ്കിൽ ജീവിതം എത്ര നരകമായേനേ എന്ന് ചിന്തിച്ചു ആശ്വസിക്കും ടീച്ചർ.
ചക്രവാകരാഗമാണ് സുനിതടീച്ചർക്ക് ഏറ്റവും ഇഷ്ടം. അത് ചിന്തിക്കാനാകാത്ത ഉയരങ്ങളിലേക്ക് മനസിനെ ഉയർത്തുമത്രേ. സരോജനാഭ എന്ന സ്വാതിതിരുനാൾ കൃതി ടീച്ചർ പാടുമ്പോൾ സ്വന്തം കണ്ണുകളും കേൾക്കുന്നവരുടെ കണ്ണുകളും നിറയും. താളം പിടിച്ചിരിക്കുന്ന മകനായിരിക്കും പലപ്പോഴും ടീച്ചറുടെ കണ്ണുകൾ തുടയ്ക്കുക.
(ഫോൺ: 9946108220)