
കൊച്ചി: എട്ടു വയസുകാരിയെ പിങ്ക് പൊലീസ് നടുറോഡിൽ അപമാനിച്ച സംഭവത്തിൽ നഷ്‌ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ. രേഖാമൂലമാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്.
കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ മറുപടിയിൽ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥ ചെയ്‌ത തെറ്റിന് എടുക്കാൻ കഴിയുന്ന നിയമനടപടി സർക്കാർ എടുത്തിട്ടുണ്ട്.
നഷ്‌ടപരിഹാരം വേണമെങ്കിൽ ഈ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാമെന്നും അതിന് തടസമില്ലെന്നുമാണ് സർക്കാർ നിലപാട്. ഇതോടൊപ്പം നാല് സാക്ഷി മൊഴികളും സർക്കാർ കോടതിയിൽ സമർപ്പിച്ചു.
പൊലീസുദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന് തെളിയിക്കുന്ന മൊഴികളാണ് എല്ലാം. ഇന്ന് ഉച്ചയ്‌ക്ക് 1.45 ന് ഈ കേസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.