
ആലപ്പുഴ: രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന ആരോപണത്തിന് മറുപടിയുമായി പൊലീസ്. മണ്ണഞ്ചേരിയിലെ കൊലപാതകത്തിന് ശേഷം മറ്റൊരു കൊലപാതകം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. അക്രമികൾ ലക്ഷ്യമിട്ടവരുടെ ലിസ്റ്റിൽ രഞ്ജിത്ത് ഉൾപ്പെട്ടിരുന്നതായി യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി കെഎസ് ഷാന്‍(38) കൊലചെയ്യപ്പെട്ട് 11 മണിക്കൂര്‍ തികയുന്നതിനുമുന്‍പാണ് നഗരഹൃദയത്തിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ(45)നും കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകത്തില്‍ പ്രതികാരമുണ്ടാകാനുള്ള സാദ്ധ്യത മനസിലാക്കുന്നതില്‍ പൊലീസ് ഇന്റലിജന്‍സിന് വീഴ്ചപറ്റിയെന്ന വ്യാപക ആരോപണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് എഡിജിപിയുടെ വിശദീകരണം.
സംഘര്‍ഷമുണ്ടാകാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ പൊലീസിന്റെ കണ്ണുണ്ടായിരുന്നു. മുന്‍കരുതല്‍ എന്നനിലയില്‍ കുറെ ബിജെപി നേതാക്കളെ ശനിയാഴ്ച രാത്രിയില്‍ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, മണ്ണഞ്ചേരിയില്‍ നിന്ന് അകലെയായതിനാല്‍ ആലപ്പുഴനഗരത്തില്‍ കാര്യമായ പൊലീസ് പരിശോധനയില്ലായിരുന്നു. നഗരത്തില്‍ പൊലീസ് ശ്രദ്ധ എത്താന്‍ സാദ്ധ്യതയില്ലെന്ന നിഗമനത്തിലാകണം അക്രമികള്‍ നഗരത്തില്‍ താമസിക്കുന്ന നേതാവിനെ ലക്ഷ്യമിട്ടതെന്നാണു കരുതുന്നത്. മാത്രമല്ല സ്ഥലപരിചയമില്ലാത്തവര്‍ക്ക് ഈ വീട് കണ്ടെത്തുക പ്രയാസമാണ്. ഒട്ടേറെ വീടുകളുള്ള സ്ഥലമായതിനാൽ അക്രമിസംഘത്തിനു വീടുകണ്ടെത്താന്‍ കൃത്യമായ സഹായം പ്രാദേശികമായി ലഭിച്ചെന്നാണു വിലയിരുത്തല്‍. അതിരാവിലെയായതിനാല്‍ റോഡിലും പരിസരങ്ങളിലും ജനങ്ങളും കുറവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.