
ചെന്നൈ: ലൈംഗിക പീഡനത്തെതുടർന്ന് തൂങ്ങിമരിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ശനിയാഴ്ചയാണ് തമിഴ്നാട് ചെന്നൈ സ്വദേശിയായ പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. ''ലൈംഗിക പീഡനം അവസാനിപ്പിക്കുക'' എന്ന തലക്കെട്ടോടെയാണ് തനിക്ക് സംഭവിച്ച മാനസിക ആഘാതത്തെ കുറിച്ച് ഇര എഴുതിയത്. പെൺകുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് മക്കളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നതായും കത്തിൽ പറയുന്നു.
എല്ലാ മാതാപിതാക്കളും ആൺമക്കളോട് പെൺകുട്ടികളെ ബഹുമാനിക്കാൻ പറയണം. ബന്ധുക്കളെയും അദ്ധ്യാപകരെയും വിശ്വസിക്കരുത്. സ്കൂളുകളോ ബന്ധുക്കളുടെ വീടുകളോ സുരക്ഷിതമല്ല. അമ്മയുടെ ഗർഭപാത്രവും ശ്മശാനവും മാത്രമാണ് പെൺകുട്ടികൾക്ക് സുരക്ഷിതമായ ഇടം എന്നും കത്തിൽ പറയുന്നു.മുൻപ് പഠിച്ചിരുന്ന സ്കൂളിൽ നിന്നും ഒരാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും സ്കൂൾ മാറ്റിയിട്ടും അവൾക്കുനേരെയുള്ള അക്രമണം അവസാനിച്ചില്ലെന്നും അവളുടെ മാതാപിതാക്കൾ പറയുന്നു.
ലൈംഗികാതിക്രമം അസഹനീയമായപ്പോൾ തനിക്ക് അതിയായ വേദനയുണ്ടായെന്നും തന്നെ ആശ്വസിപ്പിക്കാൻ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്നും കത്തിൽ പറയുന്നു. എന്നാൽ അടുത്തിടെയായി അവൾ തങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നതായാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പൊലീസിന് വിവരം നൽകിയത്.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ആവർത്തിച്ചുണ്ടാകുന്ന പേടി സ്വപ്നങ്ങൾ കാരണം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കേസ് അന്വേഷിക്കുന്നതിനായി പൊലീസ് നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. പെൺകുട്ടിയുടെ മൊബൈലിൽ നിരന്തരം വന്നുകൊണ്ടിരുന്ന കോളുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലും ആരംഭിച്ചുകഴിഞ്ഞു.