kat

പ്രതിമാസം ഒരു കോടി രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടാകുമോ?​ കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. പക്ഷേ ഇവിടൊരു കക്ഷി മാസം കോടികളാണ് വരുമാനമായി സമ്പാദിക്കുന്നത്. കാറ്റ് നോർട്ടൺ എന്ന 27കാരിയാണ് ഈ നേട്ടത്തിന് പിന്നിൽ.

പൊതുവേ മൈക്രോസോഫ്ട് എക്‌സലും ഗൂഗിൾ ഷീറ്റുമൊക്കെ പഠിച്ചെടുക്കാൻ പലർക്കും പ്രയാസമായിരിക്കും. അതേ എംഎസ് എക്‌സൽ പഠിപ്പിച്ചാണ് കാറ്റ് നോർട്ടൺ കോടികൾ സമ്പാദിക്കുന്നതെന്ന് അറിയുമ്പോഴാണ് കൗതുകം ഇരട്ടിക്കുന്നത്.

ഉണ്ടായിരുന്ന കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് കക്ഷി മൈക്രോസോഫ്ട് എക്‌സൽ ഓൺലൈനിൽ പഠിപ്പിക്കാൻ തീരുമാനിക്കുന്നത്. അതും കൊവിഡ് കാലത്ത്. ലോകം മുഴുവൻ ഓൺലൈനിലേക്ക് മാറിയ സമയത്താണ് തന്റെ പാഷൻ തന്നെ ജോലിയാക്കി മാറ്റാമെന്ന് കാറ്റ് നോർട്ടൺ തീരുമാനിക്കുന്നത്. അങ്ങനെ,​ 2020 നവംബറിൽ ഓൺലൈൻ ടീച്ചിംഗ് ആരംഭിച്ചു. വർഷം ഒന്ന് പിന്നിടുമ്പോൾ 'മിസ് എക്‌സൽ" എന്ന പേരും കക്ഷി സ്വന്തമാക്കി കഴിഞ്ഞു.

ഒരു മില്യണിലധികം ഫോളോവേഴ്‌സാണ് ഇന്ന് ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും അവരെ പിന്തുടരുന്നത്. മൈക്രോസോഫ്റ്റ് എക്‌സൽ പ്രോഗ്രാമിന്റെ മറഞ്ഞിരിക്കുന്ന തന്ത്രങ്ങളും പ്രവർത്തനങ്ങളും വളരെ രസകരവും എളുപ്പത്തിലുമാണ് കാറ്റ് നോർട്ടൺ തന്റെ ആരാധകർക്കും ശിഷ്യർക്കും പകർന്നു നൽകുന്നത്.

ഓരോ വീഡിയോയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉൾപ്പെടുത്താറുമുണ്ട്. പക്ഷേ,​ പതിവായി ഇവ ലഭിക്കണമെങ്കിൽ മുൻകൂട്ടി പൈസ നൽകി സബ്‌സ്ക്രൈബ് ചെയ്യേണ്ടതുണ്ടെന്ന് മാത്രം. ഓൺലൈനിൽ ക്ലാസുകൾ ആരംഭിച്ച് നാല് മാസം പിന്നിട്ടപ്പോൾ തന്നെ ആറക്ക ശമ്പളം അവർക്ക് ലഭിച്ചു തുടങ്ങി. അധികം വൈകാതെ അത് കോടികളിലേക്ക് മാറുകയും ചെയ്തു.

വിജയത്തിളക്കിൽ നിൽക്കുമ്പോൾ കാറ്റ് നോർട്ടണിന് പുതുതലമുറയിലെ പെൺകുട്ടികളോട് പറയാനുള്ളതും ഇതാണ്,​ തങ്ങളുടെ ഇഷ്‌ടത്തെ തന്നെ ജോലിയാക്കി മാറ്റി കോടികൾ സമ്പാദിക്കൂ.