
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമദ്ധ്യത്തിൽ അപമാനിച്ച സംഭവത്തിൽ സർക്കാൻ നൽകിയ റിപ്പോർട്ട് ഹൈക്കാേടതി തള്ളി. സംഭവത്തിൽ സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട കോടതി റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സർക്കാർ പറയുന്നത് എന്ന് ചോദിച്ച കോടതി കുട്ടി കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന്റെ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിക്കുകയും ദ്യശ്യങ്ങള്‍ മറ്റന്നാൾ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു
സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ടന്നും കോടതി നിരീക്ഷിച്ചു. എന്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെന്ന് സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. വിഷയത്തില്‍ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കൂട്ടിച്ചേര്‍ത്തു.
കുട്ടിയെ അപമാനിച്ച സംഭവത്തിൽ നഷ്‌ടപരിഹാരം നൽകാനാവില്ലെന്നാണ് സർക്കാർ റിപ്പോർട്ട് നൽകിയത്. രേഖാമൂലമാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്.കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ മറുപടിയിൽ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥ ചെയ്‌ത തെറ്റിന് എടുക്കാൻ കഴിയുന്ന നിയമനടപടി സർക്കാർ എടുത്തിട്ടുണ്ട്.നഷ്‌ടപരിഹാരം വേണമെങ്കിൽ ഈ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാമെന്നും അതിന് തടസമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഇതോടൊപ്പം നാല് സാക്ഷി മൊഴികളും സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷിമൊഴികൾ.