
കുളിക്കുമ്പോൾ സ്ത്രീകൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇതിൽ പലതും പലരുടെയും ശീലമാണുതാനും. എത്രയും പെട്ടെന്ന് ഇത്തരം ശീലങ്ങൾ മാറ്റിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിയാബാധപോലെ പിന്തുടരും എന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കുളിക്കുമ്പോൾ മൂത്രമൊഴിക്കുക എന്നത് ഒട്ടുമിക്ക സ്ത്രീകളും ചെയ്യുന്ന ഒന്നാണ്. തോന്നിയില്ലെങ്കിൽ ബലംപ്രയോഗിച്ചെങ്കിലും ഒഴിക്കും. വെള്ളം ഒഴുകുന്നതുകാണുമ്പോൾ മൂത്രമൊഴിക്കാൻ തോന്നുന്നു എന്നാണ് ഒട്ടുമിക്കവരും ഇതിന് കാരണമായി പറയുന്നത്. എന്നാൽ ഇത് പിൽക്കാലത്ത് മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് യൂറോഗൈനക്കോളജിയിലെ വിദഗ്ദ്ധനായ ഡോ. സ്റ്റെർജിയോസ് ഡൗമൗച്ച്‌സിസ് പറയുന്നത്. കുളിക്കുമ്പോഴും മൂത്രമൊഴിക്കാൻ തോന്നാത്തപ്പോഴും മൂത്രമൊഴിക്കുന്നതിനെ ദോഷകരമായ ഒരു സ്വഭാവമായാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. എപ്പോഴും ഇങ്ങനെ ചെയ്യുന്നത് മൂത്രസഞ്ചിക്ക് മൂത്രത്തെ പിടിച്ചുനിറുത്താനുള്ള കഴിവിനെ കുറയ്ക്കുമെന്നും മൂത്രസഞ്ചി നിറയാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
തുടക്കത്തിൽ വലിയ പ്രശ്നമാണെന്ന് തോന്നുമെങ്കിലും ക്രമേണ ഇത് മാരകമായ പ്രശ്നമായി തീരും. രാത്രിയിൽ ഇങ്ങനെ തോന്നലുണ്ടാവുന്നതുമൂലം ഇടയ്ക്കിടയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കേണ്ടിവരുന്നു. ഇതുമൂലം ഉറക്കത്തിന് തടസം നേരിടും. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അത് ഗുരുതരമായ മറ്റ് പ്രശ്നങ്ങളിലേക്ക് എത്തിക്കും. ജോലിയെയും ഇത് പ്രതികൂലമായി ബാധിക്കും. ഇത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മൂത്രസഞ്ചി മുഴുവനായും നിറഞ്ഞെന്ന തോന്നലുണ്ടാവാതെ ഒരിക്കലും മൂത്രമൊഴിക്കരുതെന്നാണ് ഡോ. സ്റ്റെർജിയോസ് പറയുന്നത്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ചില അവസരങ്ങളിൽ തോന്നാതെ തന്നെ മൂത്രമൊഴിക്കേണ്ടതായി വരും. ലൈംഗിക ബന്ധത്തിനുശേഷം മൂത്രമൊഴിക്കുന്നതാണ് ഇതിൽ പ്രധാനം. ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുന്നത് നല്ലതാണ്. അണുബാധ ഒരുപരിധിവരെ ഒഴിവാക്കാൻ ഇത് നല്ലതെന്നാണ് ഡോക്ടർമാർ പറയുന്നത്.
മൂത്രസഞ്ചി നിറയാതെ മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാവുന്നവർക്ക് അത് മാറ്റാൻ ആവുമെങ്കിലും അത്ര എളുപ്പമല്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. ചില വ്യായാമങ്ങളിലൂടെയാണ് ഇത് സാധിക്കുന്നത്. വ്യായാമം കൊണ്ട് സാധിച്ചില്ലെങ്കിൽ ഒരു ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തേണ്ടിവരും.
മേൽപ്പറഞ്ഞതെല്ലാം സ്ത്രീകളെ മാത്രം ബാധിക്കുന്നതാണെന്ന് പറഞ്ഞ് പുരുഷന്മാർ ആശ്വസിക്കേണ്ട. അവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. പൊതുവേ അമ്പതുവയസുകഴിഞ്ഞ പുരുഷന്മാരിൽ പ്രോസ്റ്റേറ്റും പ്രശ്നമുണ്ടാക്കുമെന്ന് മറക്കേണ്ട.
കുളിക്കാനുളള വെളളം മുഴുവൻ പാത്രത്തിൽ പിടിച്ചുവച്ചശേഷം കുളിക്കുക, ഷവറിൽ നിന്ന് ശക്തിയിൽ തലയിലേക്കും കണ്ണിലേക്കും ചെവിക്കുളളിലേക്കും വെള്ളം വീഴ്ത്തുക, വീര്യമേറിയ സോപ്പുപയോഗിച്ച് ജനനേന്ദ്രിയങ്ങൾ വൃത്തിയാക്കുന്ന തുടങ്ങിയ ശീലങ്ങളും മാറ്റിയേ പറ്റൂ എന്നാണ് വിദഗ്ദ്ധരുടെ ഉപദേശം.