
ഇക്കഴിഞ്ഞ ഞായറാഴ്ച, ഡിസംബർ 19-ന് പെരുമ്പാവൂരൊരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് അങ്കമാലിയിലേക്കു പോകവേ, എതിരേ നീങ്ങുന്ന നിരവധി തീർത്ഥാടകവാഹനങ്ങൾ കാണാനായി. 'പൊന്നിൻ കുരിശുമല മുത്തപ്പാ പൊൻമല കയറ്റം" എന്ന ബാനർ പല വാഹനങ്ങൾക്കു മുന്നിലും വശങ്ങളിലും വലിച്ചുകെട്ടിയിട്ടുണ്ട്. ഏപ്രിലിൽ ഈസ്റ്ററിനുശേഷമുള്ള ഞായറാഴ്ചയാണ് മലയാറ്റൂർ പള്ളിപ്പെരുന്നാളെങ്കിലും, ക്രിസ്തുമസ് കാലമായതിനാലാവാം, വഴിനീളെ പൊൻമലയിലേക്കുള്ള വാഹനപ്രവാഹം... കാലടിപ്പാലത്തിൽ കാർ നിറുത്തി, ഞങ്ങൾ താഴെ മന്ദം മന്ദം കുണുങ്ങിയൊഴുകുന്ന പെരിയാറിനേയും ദൂരെ നീലനിറമാർന്നു നില്ക്കുന്ന മലയാറ്റൂർ മലയേയും കണ്ടുനിന്നു. മലയാറ്റൂർ ദേശത്തെ ഓർത്തു. മലയാറ്റൂരിനെ അനശ്വരമാക്കിയ എഴുത്തിലെ മുത്തപ്പനായ മലയാറ്റൂർ രാമകൃഷ്ണനെ ഓർത്തു. അദ്ദേഹത്തിന്റെ ഓർമനാൾ കടന്നുവരികയാണല്ലോ അപ്പോഴോർമ വന്നു... ഉവ്വ്, ഡിസംബർ 27-ന് ആ പ്രിയ എഴുത്തുകാരൻ കടന്നുപോയിട്ട് 24 സംവത്സരങ്ങൾ പൂർത്തിയാവുകയാണ്...
ദേശത്തിന്റെ വേരുകൾ നഷ്ടപ്പെടുത്താത്ത രഘുവിനെ, തന്റെ തന്നെ ആത്മാംശം കലർന്ന രചനയായ 'വേരുകളിൽ" മലയാറ്റൂർ രാമകൃഷ്ണൻ ആവിഷ്കരിച്ചത് 1966-ലാണ്. തൊട്ടടുത്തവർഷം കേരളസാഹിത്യ അക്കാഡമി അവാർഡ് നേടിയ ആ നോവൽ ഗൃഹാതുരമനസുള്ള ഏതൊരു മലയാളിയുടേയും വേദപുസ്തകമാണിന്നും. ഞാനത് പലതവണ വായിച്ചിട്ടുണ്ട്. ഗ്രാമം വിട്ട് നഗരത്തിൽ ചേക്കേറിയ ശേഷം നഗരജീവിയായ ഭാര്യയുടെ കൊട്ടാരസ്വപ്നങ്ങൾക്കായി നാട്ടിലെ മണ്ണ് വില്ക്കാൻ ചെല്ലുന്ന രഘുവിനെ ഞാനെങ്ങനെയാണ് മറക്കുക?!
ഒരിക്കൽ ആദ്യമായി പരിചയപ്പെട്ട നാൾ തന്നെ, തൊണ്ണൂറുകളുടെ തുടക്കത്തിൽ, തിരുവനന്തപുരത്ത് കരമനയാറ്റിൻ തീരത്തെ 'വൈദേഹി"യിൽ വച്ച് ഞാൻ മലയാറ്റൂർ സ്വാമിയോട് ചോദിച്ചു: ''ആ രഘു താങ്കൾ തന്നെയല്ലേ?""
ലഹരിയാൽ കൂമ്പിയ ആ ചെറിയ കണ്ണുകൾ നിറഞ്ഞു കവിയുന്നത് ഞാൻ കണ്ടു. എന്നെ പരിചയപ്പെടുത്തുവാൻ കൂടെ വന്ന സ്വാമിയുടെ പ്രിയ ശിഷ്യനും എഴുത്തുകാരനുമായ പി.എം. ബിനുകുമാറും ആ വികാരവിവശതയ്ക്ക് സാക്ഷിനിന്നു, നിശബ്ദം...
രണ്ട്
മലയാറ്റൂർ ഒരു ദേശത്തിന്റെയോ പള്ളിയുടെയോ പേരു മാത്രമല്ല, മറിച്ച് സാഹിത്യത്തിലെ പൊൻമുടിയാണെന്ന് മലയാളികൾക്ക് ബോദ്ധ്യപ്പെടുത്തിയ മലയാറ്റൂർ രാമകൃഷ്ണന്റെ 24-ാം ചരമവാർഷികനാളിനു തൊട്ടുമുന്നിലിരുന്ന് ഞാനോർക്കുന്നത്, അദ്ദേഹത്തിന്റെ കഠിനമായ അന്ത്യനാളുകളെക്കുറിച്ചാണ്. തീർത്തും അവശനായിരുന്നു അക്കാലത്തദ്ദേഹം. ഞാനും ബിനുകുമാറും മിക്കവാറും വൈകുന്നേരങ്ങളിൽ 'വൈദേഹി"യിലെത്തും. ഭാര്യ വേണി അകത്തളത്തിലെവിടെയോ തളർന്നു കിടപ്പാണ്. അതു പറഞ്ഞ് അദ്ദേഹം കരയും: 'ഇന്നു രാത്രി അവൾ മിക്കവാറും മരിച്ചുപോകും. എനിക്കു പിന്നെ ആരുമില്ല" ഞാനും ബിനുവും സമാധാനിപ്പിക്കാൻ ശ്രമിക്കും. ഞങ്ങളുടെ മുന്നിലിരുന്ന് അദ്ദേഹം ഇക്കാര്യം പറഞ്ഞുതന്നെ വിഷമത്തോടെ പലർക്കും ഫോൺ ചെയ്യും....
അതേപ്പറ്റി, 'സംഭവിച്ചത്" എന്ന ശീർഷകത്തിൽ അക്കാലത്ത് ഞാനൊരു കഥയെഴുതിയിട്ടുണ്ട്. രോഗിണിയായ ഭാര്യ മരിച്ചു പോകും എന്ന് വിലപിക്കുന്ന കഥാനായകനെ പിറ്റേന്ന് വേച്ചുവേച്ച് വന്ന് ഭാര്യ വിളിച്ചുണർത്താൻ ശ്രമിക്കുന്നതും, അദ്ദേഹത്തിന്റെ വേർപാടറിയുന്നതുമാണാ കഥ...! ഏതാണ്ടതങ്ങനെത്തന്നെ പിന്നീട് സംഭവിച്ചു...!
1997 ഡിസംബറിൽ 27-ന് മലയാറ്റൂരിന്റെ മരണശേഷം മക്കളായ കണ്ണനും ശോഭയും വിദേശത്തുനിന്നുവന്ന് 'വൈദേഹി"യിലെ സാധനസാമഗ്രികളും പുസ്തകങ്ങളും കരമന കുഞ്ചാലുംമൂടിലെ ഒരാക്രിക്കടയിൽ തൂക്കിവിറ്റ് അമ്മയേയും കൂട്ടി മടങ്ങി. രണ്ടുവർഷം കഴിഞ്ഞ് അമ്മയും കണ്ണടച്ചതോടെ 'വൈദേഹി"യും വിറ്റൊഴിഞ്ഞ് ഏവരും ആത്മാവിൽ സ്വസ്ഥരായി! പക്ഷേ, മലയാളമണ്ണിൽ നിന്നും മലയാളി മനസിൽനിന്നും മലയാറ്റൂർ രാമകൃഷ്ണനെ അങ്ങനെയങ്ങ് അന്യനാക്കാൻ ആരെങ്കിലും വിചാരിച്ചാൽ സാധിക്കുമോ?

മൂന്ന്
1927 മെയ് 27-ന് ജനിച്ച് 1997 ഡിസംബർ 27-ന് നമ്മെ വിട്ടുപോയ കെ.വി. രാമകൃഷ്ണയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ നോവലിസ്റ്റ്, തിരക്കഥാകൃത്ത്, വിവർത്തകൻ, ആത്മകഥാകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലൊക്കെ നമ്മുടെ ഭാഷയിൽ തിളക്കം കാട്ടി. വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോൾ 1954-ൽ, 27-ാം വയസിൽ ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെ തിരു-കൊച്ചി നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനുശേഷമായിരുന്നു കൃഷ്ണവേണിയുമായുള്ള വിവാഹം. രാഷ്ട്രീയം ഉപേക്ഷിച്ച് ബോംബെയിൽ ഫ്രീ പ്രസ് ജേർണലിൽ കുറച്ചുകാലം പ്രവർത്തിച്ച്, 1955-ൽ മട്ടാഞ്ചേരിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റായി ഔദ്യോഗികജീവിതമാരംഭിച്ചു. 1958-ൽ ഐ.എ.എസ്. ലഭിച്ചു. ഒറ്റപ്പാലം സബ്കലക്ടറായും കോഴിക്കോട് കളക്ടറായും ഗവൺമെന്റ് സെക്രട്ടറിയായുമൊക്കെ 27 വർഷത്തെ സിവിൽ സർവീസ് ജീവിതം അപൂർണതയിൽ അവസാനിപ്പിച്ച് സെക്രട്ടറിയേറ്റിന്റെ പടികളിറങ്ങി. പിന്നെ സാഹിത്യത്തിനുവേണ്ടിത്തന്നെയായി പൂർണമായും ദിനങ്ങൾ. 'യന്ത്രം" എന്ന ആത്മകഥാപരമായ നോവലും 'എന്റെ ഐ.എ.എസ്. ദിനങ്ങൾ" എന്ന സർവീസ് സ്റ്റോറിയും മലയാറ്റൂർ രാമകൃഷ്ണന്റെ ഔദ്യോഗിക ജീവിതകാഴ്ചപ്പാടുകൾ ഏറെക്കുറെ വരച്ചിട്ടിട്ടുണ്ട്. യന്ത്രത്തിലെ ബാലചന്ദ്രനിലും ജെയിംസിലും പല കാലത്തെ തന്റെ ആത്മാംശം നിഴൽവിരിച്ചിട്ടുണ്ടെന്ന് സ്വാമിതന്നെ പലപ്പോഴും പറഞ്ഞ കാര്യങ്ങൾ...
യക്ഷിയും വേരുകളും നെട്ടൂർമഠവും പൊന്നിയും ആറാം വിരലും മൃദുലപ്രഭുവും ബ്രിഗേഡിയർ കഥകളും ഷെർലക്ഹോം കഥകളുമടക്കം നാൽപ്പത്തഞ്ചോളം പുസ്തകങ്ങൾ. യക്ഷിയും ചെമ്പരത്തിയും അയ്യർ ദി ഗ്രേറ്റും തിരക്കഥകൾ. തുടക്കം ഒടുക്കം എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. ഏറ്റവും പ്രിയങ്കരനായിരുന്ന വയലാറിനുവേണ്ടി ട്രസ്റ്റൊരുക്കാൻ സി.വി. ത്രിവിക്രമൻ ചേട്ടനോടൊപ്പം നിന്ന മലയാറ്റൂരാണ് ഇന്ന് മലയാളത്തിലെ ഏറ്റവും പ്രശസ്തവും മൂല്യമേറിയതുമായ വയലാർ സാഹിത്യ അവാർഡിന് കാരണഭൂതൻ.
നാല്
മലയാറ്റൂരിന്റെ ജീവിതത്തിലെ പകുതിയിലേറെക്കാലം പശ്ചാത്തലമായ തിരുവനന്തപുരത്ത് സ്മരണ നിലനിറുത്താൻ പ്രവർത്തനങ്ങളൊന്നുമില്ല. പി.എം. ബിനുകുമാറും ഗോപീനാരായണനും ഹരിയും മോഹനനുമടങ്ങുന്ന ആരാധകസമൂഹം കുറച്ചുവർഷങ്ങൾക്കുമുമ്പുവരെ, നഷ്ടമായ 'വൈദേഹി"ക്കു മുമ്പിൽ ഡിസംബർ 27-ന് സമ്മേളിച്ചിരുന്നു. ഒരിക്കൽ മലയാറ്റൂരിന്റെ ഉറ്റവരും ഏതാണ്ട് സമകാലികരുമായ ആർ. ബാലകൃഷ്ണപ്പിള്ളസാറിനോടും ഡി.ബാബുപോൾ സാറിനോടും പെരുമ്പടവം ചേട്ടനോടുമൊപ്പം ഞാനും അവിടെ ഒരനുസ്മരണസമ്മേളനത്തിൽ പങ്കെടുത്തത് ഓർമയിലുണ്ട്... ഇപ്പോൾ അഞ്ചൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാറ്റൂർ സ്മാരക ട്രസ്റ്റ് കഴിഞ്ഞ 15 വർഷമായി മലയാറ്റൂർ അവാർഡുകളും അനുസ്മരണ സമ്മേളനങ്ങളും നടത്തി വരുന്നതു മാത്രമാണ് ഏക ആശ്വാസം. ഡോ. വി. കെ. ജയകുമാർ ശബരിഗിരി ചെയർമാനും കവി കെ. ജയകുമാർ രക്ഷാധികാരിയും അനീഷ് കെ. അയിലറ സെക്രട്ടറിയുമായാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ. 2017-ലെ മലയാറ്റൂർ അവാർഡ് എന്റെ 'ഖമറുന്നീസയുടെ കൂട്ടുകാരി" എന്ന കഥാസമാഹാരത്തിനായി സ്വീകരിച്ചപ്പോൾ, ഞാൻ മറുപടി പ്രസംഗത്തിൽ മലയാറ്റൂരിനെ ഇങ്ങനെ ഓർത്തു: ''കഠിനമായി വ്രതമെടുത്ത് മലയാറ്റൂർ മലമുകളിലേക്കുള്ള ഭക്തരുടെ കയറ്റം പോലെയാണിപ്പോഴും ഞങ്ങൾ എഴുത്തുകാർക്കും വായനക്കാർക്കും അദ്ദേഹത്തിന്റെ ഓർമയിലേക്കും കൃതികളിലേക്കുമുള്ള യാത്ര. ഓരോ തവണയും വ്യത്യസ്തമായ അനുഭവങ്ങളും അനുഭൂതികളും സമ്മാനിച്ച് അവ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർന്നുനില്ക്കുന്നു...""
(സതീഷ് ബാബു പയ്യന്നൂർ: 98470 60343)