
വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ റാപ്പർ ഡ്രാക്കിയോ ദ റൂളർ (28) കത്തിയാക്രണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ലോസാഞ്ചലസിൽ നടക്കുന്ന വൺസ് അപ്പോൺ എ ടൈം ഫെസ്റ്റിവൽ കൺസേർട്ടിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഡ്രാക്കിയോ. സ്റ്റേജിന്റെ പിൻഭാഗത്ത് നിൽക്കുന്നതിനിടെ ഒരുസംഘമാളുകൾ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി കഴുത്തിലടക്കം പരിക്കേറ്റ ഡ്രാക്കിയോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റാപ്പർമാരായ സ്നൂപ് ഡോഗ്, ഐസ് ക്യൂബ്, 50 സെന്റ് എന്നിവരും പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു.കൺസേർട്ട് നിറുത്തിവച്ചതായി അധികൃതർ അറിയിച്ചു. പ്രതികളെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഐ ആം മിസ്റ്റർ മോസ്ലി എന്ന ആൽബത്തിലൂടെ 2015ലാണ് ഡ്രാക്കിയോ സംഗീത ലോകത്ത് അരങ്ങേറ്റം നടത്തുന്നത്. 2020ൽ ഇറങ്ങിയ താങ്ക്യൂ ഫോർ യൂസിംഗ് ജി.ടി.എൽ എന്ന ആൽബം വൻ ഹിറ്റായിരുന്നു.