
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയിർ ലീഗിൽ ന്യൂകാസിലിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലും വിജയക്കുതിപ്പ് തുടരുന്നു.മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂൾ ടോട്ടൻഹാം ഹോട്ട്സ്പറുമായി സമനിലയിൽ കുരുങ്ങിയതിനാൽ അവരുമായുള്ള പോയിന്റകലം ഒന്നിൽ നിന്ന് മൂന്നാക്കി ഉയർത്താനും സിറ്റിക്കായി. സിറ്റിയ്ക്ക് 44ഉം ലിവറിന് 41പോയിന്റുമാണ് ഇപ്പോഴുള്ളത്. ഇത്തവണ ക്രിസ്മസ് ഡേയിൽ ഒന്നാം സ്ഥാനത്ത് തുടരാനും അവർക്കായി. കഴിഞ്ഞ മൂന്ന് സീസണിലും ലിവർപൂളായിരുന്നു ക്രിസ്മസിന് ഒന്നാമത്.
ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിട്ടിൽ തന്നെ റൂബൻ ഡിയാസിലൂടെ സിറ്റി ലീഡെടുത്തു. ജാവോ കൺസലോയുടെ അക്രോബാറ്റിക് ക്രോസ് ഗോൾ പോസ്റ്രിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഡിയാസ് തലകൊണ്ട് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.27-ാം മിനിട്ടിൽ കൺസലോയിലൂടെ സിറ്റി രണ്ടാം ഗോൾ നേടി. 64-ാംമിനിട്ടിൽ കെവിൻ ഡിബ്രൂയിനെയുടെ പാസിൽ നിന്ന് റിയാദ് മെഹരസ് സിറ്റിയുടെ മൂന്നാമത്തെ ഗോൾ വലയിലാക്കി.വാറിന്റെ സഹായത്തോടെ വന്ന ഈ ഗോൾ സിറ്റി ജേഴ്സിയിൽ മെഹരസിന്റെ അമ്പതാമത്തെ ഗോളായിരുന്നു.86-ാം മിനിട്ടിൽ റഹിം സെറ്റെർലിംഗ് ഗോൾ പട്ടിക പൂർത്തിയാക്കി.
ഇരുടീമും ആക്രമണ ഫുട്ബാളിന്റെ കെട്ടഴിച്ച മത്സരത്തിൽ ലിവർപൂളിനെ 2-2ന്റെ സമനിലയിലാണ് ടോട്ടൻഹാം ഹോട്ട്സ്പർ സ്വന്തം മൈതാനത്ത് തളച്ചത്. ഹാരി കേനും സൺ ഹ്യൂ മിന്നുമാണ് ടോട്ടനത്തിന്റെ സ്കോറർമാർ. ലിവർപൂളിനായി ഡിയാഗോ ജോട്ടയും ആൻഡ്രൂ റോബർട്ട്സണും വലചലിപ്പിച്ചു. 77-ാം മിനിട്ടിൽ റോബർട്ട്സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തു പേരുമായാണ് ലിവർപൂൾ മത്സരം പൂർത്തിയാക്കിയത്. മറ്റൊരു മത്സരത്തിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിയെ വൂൾവ്സ് ഗോൾരഹിത സമനിലയിൽ തളച്ചു.