
പൂവണിഞ്ഞത് എട്ടു വർഷത്തെ പ്രണയവല്ലരി
ഹൈദരാബാദ്: മാറ്റത്തിലേക്കുള്ള വിപ്ലവകരമായ ചുവടുവയ്പിന് സാക്ഷിയായി ഹൈദരാബാദ്. സുപ്രിയോ ചക്രബർത്തി (31), അബയ് ദംഗെ (34) എന്നീ സ്വവർഗാനുരാഗികളുടെ വിവാഹമാണ് കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ആഘോഷപൂർവം നടന്നത്. ഒരു പക്ഷേ, തെലങ്കാനയിലെ തന്നെ ആദ്യത്തെ സ്വവർഗ വിവാഹമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.
ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും ആദ്യമായി പരിചയപ്പെട്ടത്. എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. മക്കളുടെ ഇഷ്ടത്തിന് കുടുംബവും പിന്തുണയേകിയതോടെ വേറിട്ട ചരിത്രം പിറന്നു.
ഡൽഹി സ്വദേശിയായ അബയ് ദംഗ് ആമസോണിലെ സീനിയർ മാനേജറാണ്. കൊൽക്കത്ത സ്വദേശിയായ സുപ്രിയോ ചക്രബർത്തി ഒരു പ്രമുഖ ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനത്തിലെ അദ്ധ്യാപകനാണ്.
ഹൈദരാബാദിലെ ഒരു റിസോർട്ടിലാണ് ബംഗാളി, പഞ്ചാബി പരമ്പരാഗത രീതിയിലുള്ള വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും വധൂവരൻമാർക്ക് ആശംസകളേകി. 2018ൽ ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതാക്കിയെങ്കിലും സ്വവർഗ വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്യാനാകില്ല.
ഇന്ത്യ സാവധാനമായതും എന്നാൽ ഉറപ്പായതുമായ മാറ്റത്തിലൂടെ കടന്നുപോകുകയാണെന്നതിന് സാക്ഷിയായെന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കിംഗ്‌ഷുക് നാഗ് പറഞ്ഞു.