omicron

ലണ്ടൻ: ബ്രിട്ടനിൽ ഭീകരത സൃഷ്ടിച്ച് കൊണ്ട് ഒമിക്രോൺ അനിയന്ത്രിതമായി പടരുന്നു. ആകെ ഒമിക്രോൺ മരണം 12 ആയി. ക്രിസ്മസിന് മുൻപ് രാജ്യത്ത് നിയന്ത്രണങ്ങൾ വരില്ലെന്ന സൂചനയാണ് ഉപ പ്രധാനമന്ത്രി ഡൊമിനിക് റാബ് നൽകിയത്. ഇത് രാജ്യത്ത് വ്യാപനം വർദ്ധിക്കാൻ കാരണമായേക്കും. നിലവിൽ ഒമിക്രോൺ ബാധിച്ച 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 12,133 ഒമിക്രോൺ പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആകെ ഒമിക്രോൺ 37,101ആയി. രാജ്യത്തെ സ്ഥിതി ഗുരുതരമാണെന്ന് വിദഗ്ദ്ധ സംഘം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അവലോകനം ചെയ്യുകയാണെന്നും ഒമിക്രോൺ എത്രമാത്രം ഭീകരമാണെന്ന് നിർണയിക്കാൻ കുറച്ച് സമയം കൂടി വേണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾക്ക് മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ജനകീയ പ്രതിഷേധം ശക്തമാകുമെന്നത് ജോൺസനെ കുഴയ്ക്കുന്നുണ്ട്. രാജ്യത്ത് ഞായറാഴ്ച മുതൽ നിയന്ത്രണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്. ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് ഏർപ്പെടുത്തണമെന്ന് ഭരണപക്ഷ എം.പിമാർ കഴിഞ്ഞ ആഴ്ച ജോൺസനോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ജോൺസന് മേൽ സമ്മർദ്ദം ഏറുന്നുണ്ട്. മാസ്ക് ധാരണം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ രാജ്യത്ത് പുനഃസ്ഥാപിക്കാൻ ജോൺസന് പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ പിന്തുണ ആവശ്യമാണ്.

 ലോക്ക്ഡൗൺ ഉടനില്ല

ബ്രിട്ടനിൽ കൊവിഡ് രോഗികളുടെ എണ്ണം വ‌ർദ്ധിക്കുകയാണെങ്കിലും ഉടൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. ക്രിസ്മസിന് മുൻപ് നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കുമെന്നാണ് കഴിഞ്ഞ ദിവസം സാജിദ് പറഞ്ഞത്. ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. എന്നാൽ, രോഗത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. കാര്യങ്ങൾ വിശദമായി നിരീക്ഷിക്കുകയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും. ലോക്ക്ഡൗൺ സമൂഹത്തേയും വ്യാപാരത്തേയും കുട്ടികളേയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തേണ്ടതുണ്ട്. ഈ വർഷം ആരംഭിച്ചപ്പോഴുള്ള അവസ്ഥയല്ല ഇപ്പോൾ. പ്രായപൂർത്തിയായവരിൽ പകുതിയിലധികവും ബൂസ്റ്റർ ഡോസ് എടുത്തവരാണ്. കടുത്ത നടപടികൾ ആവശ്യമായി വന്നാൽ പാർലമെന്റിൽ ചർച്ച ചെയ്തശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

 നെതർലൻഡ്സിൽ ലോക്ക്ഡൗൺ

നെതർലൻഡ്സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.

ക്രിസ്‌മസ്, പുതുവർഷാഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ജനുവരി നാലുവരെ രാജ്യം അടച്ചിടും. എന്നാൽ, ക്രിസ്മസ് ദിനത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്.അവശ്യസാധനങ്ങളുടെ ഒഴികെയുള്ള കടകളും സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടും. സ്കൂളുകൾ ജനുവരി പത്തുവരെ അടച്ചിടും.

 പാരിസിലെ വെടിക്കെട്ട് ഉൾപ്പെടെയുള്ള പുതുവത്സര ആഘോഷം ഉപേക്ഷിച്ചു. നിയന്ത്രണങ്ങൾക്കെതിരെ ഫ്റാൻസിൽ പ്രതിഷേധം ശക്തമായി

 ഫ്രാൻസും ഓസ്ട്രിയയും യാത്രാനിയന്ത്രണങ്ങൾ കർശനമാക്കി

 അയർലൻഡിൽ മദ്യശാലകളും റെസ്റ്റോറന്റുകളും എട്ടുമണിക്കുശേഷം തുറക്കില്ല.

 ഡെന്മാർക്ക് സിനിമാ തിയേറ്ററുകളടക്കമുള്ള കേന്ദ്രങ്ങൾ അടച്ചു.

Ads by