takin

ഇറ്റാനഗർ: ഹിമപ്പുലികളുടെ കണക്കെടുക്കാനായി അരുണാചൽ പ്രദേശ് വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പതിഞ്ഞത് അപൂർവ സസ്തനിയായ ഭൂട്ടാനീസ് ടാകിൻ..!

സമുദ്ര നിരപ്പിൽ നിന്ന് 3,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, അരുണാചൽ പ്രദേശിലെ ഈസ്റ്റ് കമെ‌ംഗ് ജില്ലയിലെ വനത്തിൽ സ്ഥാപിച്ചിരുന്ന കാമറയിലാണ് ഭൂട്ടാനീസ് ടാകിന്റെ ചിത്രം പതിഞ്ഞത്. ഇതാദ്യമായാണ് ഇവിടെ ടാകിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. അരുണാചൽ വനത്തിൽ വളരെ അപൂർവമായി കണ്ടുവരുന്ന ഏറ്റവും വലിയ സസ്തനിയാണിത്.
ഏഷ്യൻ പർവത പ്രദേശങ്ങളിൽ കാണപ്പെട്ടിരുന്ന ടാകിനുകൾ അമിത വേട്ടയാടലും പ്രകൃതി വിഭവങ്ങളുടെ നശീകരണവും കാരണം വംശനാശ ഭീഷണി നേരിടുകയാണ്. ഈസ്റ്റ് കമെ‌ംഗിൽ കണ്ടെത്തിയ ടാകിന്റെ ചിത്രങ്ങൾ അരുണാചൽ വനംവകുപ്പ് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഈസ്റ്റ് കമെ‌ംഗ് ജില്ലയിലെ വനത്തിൽ എത്ര ടാകിനുകളുണ്ടെന്ന് വ്യക്തമല്ല. സാധാരണ ഭൂട്ടാനീസ് ടാക്കിനുകളെ അരുണാചലിന്റെ പടിഞ്ഞാറൻ മേഖലകളിലും ഭൂട്ടാനിലും മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

 ടാകിൻ

 'നു ഗോട്ട് (gnu goat)" എന്നറിയപ്പെടുന്നു

 ആട്, ചെമ്മരിയാട് തുടങ്ങിയവ ഉൾപ്പെടുന്ന കാപ്രിനെ ഉപകുടുംബത്തിൽ ഉൾപ്പെടുന്നു

 കിഴക്കൻ ഹിമാലയത്തിൽ കാണപ്പെടുന്നു

 നാലിനമുണ്ട്. ഗോൾഡൻ ടാകിൻ, ടിബറ്റൻ ടാകിൻ, മിഷ്മി ടാകിൻ, ഭൂട്ടാൻ ടാകിൻ.

 ഭൂട്ടാന്റെ ദേശീയ മൃഗം

 140 സെന്റീമീറ്ററോളം ഉയരം

 220 സെന്റീമീറ്ററോളം നീളം

 350 കിലോയിലേറെ ഭാരം