sensex

 സെൻസെക്‌സ് 1189 പോയിന്റും നിഫ്‌റ്റി 371 പോയിന്റും ഇടിഞ്ഞു

കൊച്ചി: ആഗോളതലത്തിൽ ഒമിക്രോൺ വ്യാപനം കൂടുന്നതിൽ ആശങ്കപ്പെട്ട് നിക്ഷേപകർ കനത്ത വില്പനസമ്മർദ്ദം സൃഷ്‌ടിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. 1,189 പോയിന്റ് നഷ്‌ടവുമായി സെൻസെക്‌സ് 55,822ലും നിഫ്‌റ്റി 371 പോയിന്റ് ഇടിഞ്ഞ് 16,614ലുമാണ് വ്യാപാരാന്ത്യമുള്ളത്.

ഇന്നലെ ഒരുവേള സെൻസെക്‌സ് 1879 പോയിന്റ് ഇടിഞ്ഞ് 55,133 വരെ എത്തിയിരുന്നു; നിഫ്‌റ്റി 16,410 വരെയും. ഈവർഷം ഏപ്രിലിന് ശേഷം ഓഹരി സൂചികകൾ കുറിക്കുന്ന ഏറ്റവും വലിയ പ്രതിദിന നഷ്‌ടമാണിത്.

കൈയൊഴിഞ്ഞ് നിക്ഷേപകർ

സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റത്തിന് ഒമിക്രോൺ വലിയ തിരിച്ചടിയായേക്കുമെന്ന ആശങ്കയാണ് നിക്ഷേപകർക്കുള്ളത്. ഓഹരി വിപണിയുടെ തകർച്ചയ്ക്കിടയാക്കിയ പ്രധാന കാരണങ്ങൾ:

1. ഇന്ത്യയിലുൾപ്പെടെ ഉയരുന്ന ഒമിക്രോൺ ഭീതി. കൊവിഡ് കേസുകൾ കൂടിയതിനെ തുടർന്ന് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ലോക്ക്ഡൗണിൽ.

2. വിദേശികളുടെ മടക്കം: വിദേശ നിക്ഷേപകർ (എഫ്.ഐ.ഐ) ഈമാസം ഇതുവരെ 26,000 കോടി രൂപയാണ് ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് പിൻവലിച്ചത്.

3. ഉത്തേജക പദ്ധതികൾ അവസാനിപ്പിക്കാനുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനം.

നഷ്‌ടം നേരിട്ടവർ

ബി.പി.സി.എൽ., ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്‌റ്റീൽ,​ ബജാജ് ഫിനാൻസ്,​ ഇൻഡസ്ഇൻഡ് ബാങ്ക്,​ കോൾ ഇന്ത്യ,​ എസ്.ബി.ഐ.,​ ഇന്ത്യൻ ഓയിൽ,​ ഹിൻഡാൽകോ,​ ഒ.എൻ.ജി.സി എന്നിവയാണ് ഇന്നലെ ഏറ്റവുമധികം നഷ്ടം നേരിട്ട പ്രമുഖർ.

ഒറ്റനാളിൽ നഷ്‌ടം

₹6.79 ലക്ഷം കോടി

ഇന്നലെ ഒറ്റദിവസം സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 6.79 ലക്ഷം കോടി രൂപ. 259.37 ലക്ഷം കോടി രൂപയിൽ നിന്ന് 252.57 ലക്ഷം കോടി രൂപയായാണ് മൂല്യത്തകർച്ച. പത്തുദിവസത്തിനിടെ നഷ്‌ടം 15.10 ലക്ഷം കോടി രൂപ. സെൻസെക്‌സ് സർവകാല റെക്കാഡ് കുറിച്ച ഒക്‌ടോബർ 18ന് ശേഷം നഷ്‌ടം 22.12 ലക്ഷം കോടി രൂപ.

തളരാതെ റുപ്പി

ഓഹരികൾ തളർന്നെങ്കിലും രൂപ ഇന്നലെ നേട്ടത്തിലേറി. വ്യപാരാന്ത്യം 16 പൈസ ഉയർന്ന് ഡോളറിനെതിരെ 75.90ലാണ് രൂപ. ഒരുവേള മൂല്യം 76.14വരെ ഇടിഞ്ഞിരുന്നു.