belgavi

ബംഗളൂരു: കർണാടകയിലെ സ്വാതന്ത്ര്യസമരസേനാനി സാംഗൊളി രായണ്ണയുടെ പ്രതിമ തകർക്കാൻ ശ്രമിച്ചതിനെ ചൊല്ലി കർണാടക മഹാരാഷ്ട്ര അതിർത്തി ജില്ലയായ ബെലഗാവിയിൽ വീണ്ടും സംഘർഷം. ബെലഗാവിയിൽ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാംഗൊളി രായണ്ണയുടെ പ്രതിമ ബെലഗാവിയിൽ ചില മാറാത്ത സംഘടനകൾ തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കന്നഡ സംഘടനകളുടെ പ്രതിഷേധം. ഇതിന് സമാന്തരമായി ബംഗളൂരുവിൽ ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. പ്രതിമയെ ചൊല്ലി നേരത്തെ തന്നെ പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിന്നിരുന്നു. ഇന്നലെ ബംഗളൂരുവിൽ നിന്ന് കന്നഡ സംരക്ഷണ വേദി പ്രവർത്തകർ സംഘടിച്ച് ബെലഗാവിയിലെത്തി മെഗാ പ്രതിഷേധ റാലി നടത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. കർണാടകയിലെ വിവിധ നഗരങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്. കന്നഡ സാസ്‌കാരിക സംഘടനകൾ മഹാരാഷ്ട്രയിൽ നിന്നുള്ള വാഹനങ്ങൾ ദേശീയ പാതയിൽ തടഞ്ഞു. സംഭവ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിലവിൽ ബെൽഗാവിയിൽ നിന്ന് 27 പേരെയും ബംഗളൂരുവിൽ നിന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ബെലഗാവി ജില്ലയെ ചൊല്ലി നേരത്തെ തന്നെ മഹാരാഷ്ട്രയും കർണാടകയും തമ്മിൽ തർക്കമുണ്ട്. മറാത്തക്കാർക്ക് കൂടുതൽ പ്രാധാന്യമുള്ള, ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള ജില്ല എന്ന നിലയിൽ ബെലഗാവിയെ മഹാരാഷ്ട്രയോട് ലയിപ്പിക്കണമെന്നാണ് മറാത്തികളുടെ ആവശ്യം. എന്നാൽ കർണാടക സർക്കാർ ഇത് അംഗീകരിക്കില്ല.