gabriel-boric

സാന്റിയാഗോ: ചിലിയുടെ പുതിയ പ്രസിഡന്റായി സോഷ്യൽ കൺവർജൻസ് പാർട്ടി നേതാവ് ഗബ്രിയേൽ ബോറിക് തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയിലേക്കു തിരിച്ചെത്തിയ ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് 35കാരനായ ബോറിക്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 55.87% വോട്ടുകൾ നേടിയാണ് ബോറിക് ജയിച്ചത്. മുഖ്യഎതിരാളിയും വലതുപക്ഷ നിലപാടുകാരനുമായ ജോസ് ആന്റോണിയോ കാസ്റ്റിന് 44.13% വോട്ടുകൾ ലഭിച്ചു. അടുത്തവർഷം മാർച്ച് 11ന് ബോറിക് സത്യപ്രതിജ്ഞ ചെയ്യും.

മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, വിദ്യാർത്ഥികളുടെ കടം എഴുതിത്തള്ളുക, അതിസമ്പന്നർക്കുള്ള നികുതി വർദ്ധിപ്പിക്കൽ, സ്വകാര്യ പെൻഷൻ സമ്പ്രദായം പുനഃപരിശോധിക്കൽ തുടങ്ങിയവയായിരുന്നു ബോറിക്കിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ.

 ഗബ്രിയേൽ ബോറിക്

 പ്രമുഖ വിദ്യാഭ്യാസ നേതാവും ഇടതുപക്ഷ വിശ്വാസിയും

 1999 മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവം

 2004ൽ ചിലി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി

 യൂണിവേഴ്സിറ്റി ഒഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷൻ പ്രസിഡന്റ്

 മെമ്പർ ഒഫ് ചേമ്പർ ഒഫ് ഡെപ്യൂട്ടിയായി പ്രവർത്തിച്ചു

 ഓട്ടോണോമസ് മൂമെന്റ്, ഓട്ടോണോമസ് ലെഫ്റ്റ എന്നീ രാഷ്ട്രീയ സംഘടനകളിൽ പ്രവർത്തിച്ചു

 ജോസ് ആന്റോണിയോ കാസ്റ്റ്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ എന്നിവരുമായി താരതമ്യം ചെയ്യപ്പെടുന്ന നേതാവാണ് ജോസ് ആന്റോണിയോ കാസ്റ്റ്. മുൻ സ്വേച്ഛാധിപതി ജനറൽ അഗസ്റ്റോ പിനോഷെയെ കാസ്റ്റ് ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. വിജയിച്ചാൽ കമ്പനികൾക്ക് നികുതിയിളവ്, കുടിയേറ്റക്കാർ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ രാജ്യത്തിന്റെ വടക്കുഭാഗത്തു മതിൽ പണിയുക, ഗർഭച്ഛിദ്രം നിറുത്തലാക്കുക തുടങ്ങിയവ നടപ്പിലാക്കുമെന്നായിരുന്നു കാസ്റ്റിന്റെ പ്രഖ്യാപനം.