
മലയാളത്തിലെ പഴയകാല നായികമാരും പുതിയവരും തിരിച്ചുവരവിന്റെ പാതയിൽ. വിവാഹശേഷം അഭിനയരംഗത്തു മാറിനിന്ന നിത്യദാസും അർച്ചന കവിയും ആൻ അഗസ്റ്റിനും ഗൗതമി നായരുമാണ് തിരിച്ചുവന്നത്. പുതുവർഷത്തിൽ ഇവരുടെ ചിത്രങ്ങൾ റിലീസ് ചെയ്യും. 2001ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ദിലീപ് സിനിമയിലൂടെ അഭിനയരംഗത്തു എത്തിയ നിത്യദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ സൂര്യകിരീടമാണ് അവസാനം അഭിനയിച്ച ചിത്രം. 2007ൽ തന്നെയായിരുന്നു നിത്യയുടെയും കാശ്മീരിയായ അരവിന്ദ് സിംഗ് ജംവാളിന്റെയും വിവാഹം. നവാഗതനായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് പതിനാലുവർഷത്തിനുശേഷം നിത്യദാസിന്റെ തിരിച്ചുവരവ്. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ തുടർന്നും സിനിമയിൽ അഭിനയിക്കാനാണ് നിത്യയുടെ തീരുമാനം. സിനിമയിൽ നിന്നു മാറിനിൽക്കുന്ന സമയത്തും മിനിസ്ക്രീനിൽ നിത്യ സജീവമായിരുന്നു. മകൾ നൈന ജംവാളുമായി ചേർന്ന നിരവധി വീഡിയോ ആരാധകർക്കായി പങ്കുവച്ചിരുന്നു.
എം.ടിയുടെ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്ത നീലത്താരയിൽ കുഞ്ഞിമാളു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് അർച്ചന കവി വെള്ളിത്തിരയിൽ എത്തുന്നത്. മമ്മി ആൻഡ് മീ, ബെസ്റ്റ് ഒാഫ് ലക്ക്, സോൾട്ട് ആൻഡ് പെപ്പർ, ഹണിബീ, നാടോടിമന്നൻ എന്നിവയാണ് അർച്ചനയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ആറുവർഷം മുൻപ് ദൂരം എന്ന ചിത്രത്തിലാണ് അർച്ചന അവസാനമായി അഭിനയിച്ചത്. വിവാഹശേഷം അഭിനയരംഗത്തുനിന്നു മാറിനിന്ന അർച്ചന ബ്ളോഗിലൂടെയും വ്ളോഗിലൂടെയും നിരന്തരം പ്രേക്ഷകരുമായി സംവദിച്ചിരുന്നു. അർച്ചന പ്രധാന വേഷത്തിൽ എത്തിയ 'മീൻ അവിയൽ" എന്ന വെബ് സീരിസ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിവാഹമോചിതയായ അർച്ചന
വിഷ്ണു ഉണ്ണിക്കൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ നായകനും നായികയുമാക്കി നവാഗതനായ മനേഷ് ബാബുസംവിധാനം ചെയ്യുന്ന ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിൽ ഒരു നിർണായക കഥാപാത്രത്തെയാണ് അർച്ചന അവതരിപ്പിക്കുന്നത്.
തുടർന്നും സിനിമയിൽ സജീവമാകാനാണ് തീരുമാനം. ലാൽജോസ് ചിത്രമായ എത്സമ്മ ഒരു ആൺകുട്ടിയിലൂടെ അഭിനയരംഗത്തേക്കുവന്ന ആൻ അഗസ്റ്റിൻ അർജുനൻ സാക്ഷി, ത്രീ കിംഗ്സ്, വാദ്ധ്യാർ, ടാ തടിയ, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചിരുന്നു. നാലുവർഷം മുൻപ് ദുൽഖർ സൽമാൻ ചിത്രം സോളോയിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹമോചിതയായ ആൻ സിനിമയിൽ സജീവമാകാനാണ് ഒരു ങ്ങുന്നത്.
എം.ടിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ ആൻ ഇപ്പോൾ ഹരികുമാറിന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിൽ നായിക വേഷത്തിൽ അഭിനയിച്ചുവരികയാണ്. ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗൗതമി നായർ. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഡയമണ്ട് നെക്ലസിൽ ഗൗതമി അവതരിപ്പിച്ച ദുബായിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരിയായ നഴ്സിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സെക്കന്റ് ഷോ, കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിച്ച ഗൗതമി തുടർന്ന് അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. ''വിവാഹശേഷം അഭിനയരംഗം ഉപേക്ഷിച്ചെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. നല്ല കഥാപാത്രങ്ങൾ വരാത്തതിനാൽ മാറിനിന്നു." ഗൗതമി പറഞ്ഞു. മഞ്ജുവാര്യർ - ജയസൂര്യ ചിത്രം മേരി ആവാസ് സുനോയിലൂടെയാണ് ഗൗതമി നായരുടെ തിരിച്ചുവരവ്. ''മഞ്ജു ചേച്ചിയുടെ ചിത്രത്തിലൂടെ തിരിച്ചുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്." ഗൗതമിയുടെ വാക്കുകൾ.
പഴയകാല അഭിനേത്രി ജലജ 34 വർഷത്തിനുശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തിയതും ഈ വർഷമായിരുന്നു. 'മാലിക്ക് " എന്ന ചിത്രത്തിലൂടെയായിരുന്നു ജലജയുടെ ശക്തമായ തിരിച്ചുവരവ്.അഭിനയരംഗത്തുനിന്നു വർഷങ്ങളായി മാറിനിൽക്കുന്ന പഴയകാല നായിക ശാരി വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലൂടെ ഈ വർഷം തിരിച്ചുവന്നു.