pak-boat

ന്യൂഡൽഹി: 400 കോടിയോളം രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായെത്തിയ പാക് മത്സ്യബന്ധന ബോട്ട് ഗുജറാത്ത് തീരത്ത് വച്ച് പിടികൂടി. 'അൽ ഹുസൈനി" എന്ന ബോട്ടിലുണ്ടായിരുന്ന ആറു പേരും അറസ്റ്റിലായി. കച്ച് ജില്ലയിലെ ജഖൗ തീരത്ത് നിന്ന് 35 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇന്ത്യൻ സമുദ്ര മേഖലയിൽ നിന്നാണ് ഞായറാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം ബോട്ട് പിടികൂടിയത്.

കറാച്ചി തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടത്. ഹാജി ഹസൻ, ഹാജി ഹസം എന്നീ രണ്ട് പാക് കള്ളക്കടത്തുകാരാണ് ഹെറോയിൻ വിതരണം ചെയ്തതെന്നാണ് പ്രാഥമിക വിവരം. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘത്തിന് എത്തിക്കാനായിരുന്നു ഇതെന്നും സൂചനയുണ്ട്. കച്ച് ഭാഗത്ത് എവിടെയെങ്കിലുമാണ് ഹെറോയിൻ ലോഡ് ഇറക്കാൻ തീരുമാനിച്ചിരുന്നത്.

പാകിസ്ഥാനിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്ന റാക്കറ്റ് സജീവമായ പശ്ചാത്തലത്തിൽ ഗുജറാത്തിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ബോട്ടിൽ നിന്ന് പിടികൂടിയവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.