
ആലപ്പുഴ ∙ ആലപ്പുഴയിൽ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകങ്ങൾ സംബന്ധിച്ച് എൻ. ഐ.എ സംസ്ഥാന പൊലീസിൽ നിന്ന് വിവരം തേടിയേക്കുമെന്ന് റിപ്പോർട്ട്. കൊലപാതകങ്ങളിലെ തീവ്രവാദ ബന്ധം സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്. രണ്ടു സംഭവങ്ങളിലുമായി അൻപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാടകയ്ക്കെടുത്ത കാറിലാണ് അക്രമികൾ എത്തിയതെന്നും വിവരം ലഭിച്ചു. കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷാനിന്റെ കൊലപാതകത്തിൽ കൊലയാളി സംഘത്തിലെ രണ്ടുപേർ പിടിയിലായിരുന്നു, ഇനി എട്ടുപേരെയാണ് കേസിൽ പിടികൂടാനുള്ളത്.
നേരത്തെ രൺജിത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും ഇപ്പോൾ കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുകയാണെന്നും എൻ,ഐ.എ അധികൃതർ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ വെളിവാകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാവും എൻഐഎ ഇടപെടലെന്നും അധികൃതർ സൂചിപ്പിച്ചു
രൺജീതിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആലപ്പുഴയിൽ എത്തിയിരുന്നു. തീവ്രവാദ ബന്ധമെന്ന ആരോപണവും മറ്റും അദ്ദേഹവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നാണ് സൂചന. അതേസമയം, പ്രതികൾക്കെതിരെ സംസ്ഥാന പൊലീസ് ഏതൊക്കെ വകുപ്പുകൾ ചുമത്തുന്നു എന്നത് ഇക്കാര്യത്തിൽ പ്രസക്തമാണ്. യുഎപിഎ പോലുള്ള വകുപ്പുകൾ ചുമത്തുകയാണെങ്കിൽ അത് എൻഐഎ അന്വേഷണത്തിനും വഴിയൊരുക്കിയേക്കും.രണ്ടു കൊലപാതക കേസുകളിലും കൂടി അൻപതോളം ആളുകളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. രൺജിതിന്റെ കൊലപാതകത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫെബ്രുവരി 24ന് വയലാറിൽ ബി.ജെ.പി പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതുമായി ഇപ്പോഴത്തെ സംഭവങ്ങൾക്കു ബന്ധമുണ്ടോ എന്നും സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുണ്ട്.