
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ പേരും ആധാർ നമ്പരുമായി ബന്ധിപ്പിക്കുന്ന നിയമഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കി സർക്കാർ. ശക്തമായ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തിനിടയിലും നിയമമന്ത്രി കിരൺ റിജ്ജു അവതരിപ്പിച്ച ബിൽ ശബ്‌ദവോട്ടോടെയാണ് 'ദ ഇലക്ഷൻ ലോസ്(അമൻമെന്റ്) ബിൽ 2021' പാസായത്.
ഭേദഗതിക്കെതിരെ കോൺഗ്രസ്, എസ്.പി, എ.ഐ.എം.ഐ.എം എന്നീ പാർട്ടികൾ ശക്തമായ പ്രതിഷേധം തന്നെ നടത്തി. സർക്കാരിന്റെ നീക്കം പൗരന്മാരുടെ ഭരണഘടനാവകാശത്തെ ലംഘിക്കുന്നതാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ കളളവോട്ടും ഇരട്ടവോട്ടും തടയാനാണ് ഈ നീക്കമെന്ന് കേന്ദ്രം വാദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രൊജക്‌ട് വിജയകരമായതോടെയാണ് ഭേദഗതി അവതരിപ്പിച്ചതെന്നും ഇത് നിലവിൽ വരുന്നതോടെ ഒരാൾക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാനാകൂവെന്നും സർക്കാർ പറഞ്ഞു.
ഭൂമി ഇടപാടും ഇത്തരത്തിൽ ആധാർ ബന്ധിതമാക്കും. എന്നാൽ ഇതിന് സർക്കാർ നിർബന്ധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വോട്ടർ കാർഡിൽ പേര് ചേർക്കാൻ ഇനി ആധാർ കാർഡ് നമ്പരും ചോദിക്കാം എന്നാൽ ഇത് ഹാജരാക്കാൻ കഴിയാത്തതിനാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാതിരിക്കരുതെന്നും അവർക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ അനുമതി നൽകണമെന്നും ബില്ലിൽ പറയുന്നു.
വോട്ട് ചെയ്യുന്നത് നിയമപരമായ അവകാശമാണെന്നും വോട്ടേഴ്‌സ് കാർഡും ആധാറും ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. എന്നാൽ പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും തങ്ങൾക്കൊപ്പം ചേരുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും മന്ത്രി കിരൺ റിജ്ജു അഭിപ്രായപ്പെട്ടു.
വർഷത്തിൽ നാലുതവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകും. ജനുവരി ഒന്നിനും , ഏപ്രിൽ ഒന്നിനും ജൂലായ് ഒന്നിനും ഒക്‌ടോബർ ഒന്നിനും ഇത്തരത്തിൽ കട്ട് ഓഫ് തീയതി നൽകാനാണ് ബില്ലിലെ പുതിയ വ്യവസ്ഥ. സൈനികർക്ക് നാട്ടിൽ വോട്ടർപട്ടികയിൽ പങ്കാളിക്കൊപ്പം പേര് ചേർക്കുന്നതിനും അനുമതി ലഭിക്കും. ബില്ല് അവതരണത്തെ തുടർന്ന് പ്രതിപക്ഷ ബഹളം മൂർച്ഛിച്ചതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു.