
അബുദാബി: യു.എ.ഇയിൽ അൽഹൊസൻ ആപ്പിന്റെ ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രമേ ഫെഡറൽ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാനാകൂ. ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കും സന്ദർശകർക്കും ഇത് ബാധകമായിരിക്കും. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പാണ് അൽ ഹൊസൻ. കൊവിഡുമായി ബന്ധപ്പെട്ട് രോഗികളുമായി ബന്ധം പുലർത്തിയവരെ കണ്ടെത്താനും പരിശോധനകൾ നടത്താനും വേണ്ടിയായിരുന്നു ആപ്പ് നിർമ്മിച്ചത്. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കോ അല്ലെങ്കിൽ വാക്‌സിനെടുക്കുന്നതിൽ നിന്ന് ആരോഗ്യപരമായോ മറ്റ് കാരണങ്ങളാലോ ഒഴിവാക്കപ്പെട്ടവർക്കോ മാത്രമായിരിക്കും ഗ്രീൻ പാസ് ലഭിക്കുക. ഗ്രീൻ പാസ് അനുവദിക്കണമെങ്കിൽ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഗ്രീൻ പാസ് ലഭിച്ചുകഴിഞ്ഞാലും അത് നിലനിൽക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെങ്കിൽ ഓരോ 14 ദിവസം കൂടുമ്പോഴും ആർ.ടി.പി.സി.ആർ പരിശോധന നടത്തേണ്ടി വരും. വാക്‌സിനിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ ഓരോ ഏഴാം ദിവസവും പരിശോധന നടത്തേണ്ടി വരും.