
ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ ഏറിയശേഷം കേന്ദ്രസർക്കാർ പെട്രോളിയം ഉത്‌പന്നങ്ങളിൽ നിന്നുള്ള എക്‌സൈസ് നികുതിയിനത്തിൽ സമാഹരിച്ചത് 16.7 ലക്ഷം കോടി രൂപ. 2014-15 സാമ്പത്തികവർഷം മുതൽ 2020-21 വരെയുള്ള കണക്കാണിത്.
2019-20ൽ 2.23 ലക്ഷം കോടി രൂപയും 2020-21ൽ 3.72 ലക്ഷം കോടി രൂപയും ലഭിച്ചുവെന്ന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ വ്യക്തമാക്കി. നടപ്പുവർഷത്തെ ലക്ഷ്യം 3.35 ലക്ഷം കോടി രൂപയാണ്. 2014ൽ പെട്രോൾ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു. പിന്നീട് കേന്ദ്രം ഇത് 32.90 രൂപവരെ ഉയർത്തിയിരുന്നു. ഡീസൽ നികുതി 3.56 രൂപയിൽ നിന്ന് 31.80 രൂപവരെയും ഉയർത്തി.
ഇക്കഴിഞ്ഞ നവംബർ മൂന്നിന് പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറച്ചു. നികുതി കുറച്ചതുവഴി 45,000 കോടി രൂപയുടെ വരുമാനക്കുറവുണ്ടാകുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.