
ശ്രീനഗർ: ജമ്മുകാശ്മീരിൽ നിലവിലുള്ളതിന് പുറമെ, ഏഴ് പുതിയ പുതിയ നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് അതിർത്തി പുനർനിർണയ കമ്മിഷൻ കരട് രേഖ സമർപ്പിച്ചു. ജമ്മു മേഖലയിൽ ആറും കാശ്‌മീർ മേഖലയിൽ ഒരു സീറ്റുമാണ് അധികമായി ശുപാർശ ചെയ്‌തത്. നിർദ്ദേശത്തെ നാഷണൽ കോൺഫറൻസും പി.ഡി.പിയുംതള്ളി.
പട്ടിക വർഗ വിഭാഗത്തിനായി ഒൻപത് സീറ്റുകളും മാറ്റിവയ്ക്കാനും നിർദ്ദേശമുണ്ട്. ആദ്യമായാണ് ഇത്തരമൊരു നിർദ്ദേശം. പട്ടികജാതി വിഭാഗത്തിന് ഏഴ് സീറ്റുകൾ തുടരും. ഇതോടെ ജമ്മു മേഖലയിൽ 43 സീറ്റുകളും കാശ്മീരിൽ 47 സീറ്റുകളുമാകും. നേരത്തെ ഇത് ജമ്മുവിൽ 37, കാശ്മീരിൽ 46, ലഡാക്കിൽ 4 എന്നിങ്ങനെയായിരുന്നു.
പാക് അധിനിവേശ കാശ്മീരിലേക്കായി 24 സീറ്റുകൾ ഒഴിച്ചിടും. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് കമ്മിഷൻ തലവൻ.
ഡൽഹിയിൽ ചേർന്ന കമ്മിഷൻ യോഗത്തിൽ അസോസിയേറ്റ് അംഗങ്ങളും ജമ്മു കാശ്‌മീരിൽ നിന്നുള്ള അഞ്ച് ലോക്‌സഭാംഗങ്ങളും പങ്കെടുത്തു. ഈ മാസം അവസാനത്തോടെ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കാനും കമ്മിഷൻ ഇവരോട് നിർദ്ദേശിച്ചു.