
ലിമ: മഞ്ഞുപോലെയുള്ള താടിയും വമ്പൻ കുടവയറും കുലുക്കി കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്റയും അതിമനോഹരമായ ക്രിസ്മസ് ട്രീയുമെല്ലാമായി ലോകമെമ്പാടും ആഷോഘിക്കുന്ന ക്രിസ്മസ് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണ്. എന്നാൽ, പെറുവിലെ ലിമയിൽ കൊവിഡ് ബാധിതരായി ക്വാറന്റൈനിൽ കഴിയുന്ന ഒരു സംഘം കുട്ടികൾ ക്രിസ്മസ് ആഘോഷിക്കാൻ സാധിക്കാത്തതിന്റെ നിരാശ്ശയിലായിരുന്നു. എന്നാൽ, അവർക്ക് ഒരുപാട് സമ്മാനങ്ങളുമായി ക്രെയ്നിലേറി ക്രിസ്മസ് സാന്റാ എത്തി.
ട്രക്കിന്റെ ചെറി പിക്കർ ക്രെയിനുമായി ബന്ധിപ്പിച്ചാണ് കുട്ടികളെ താമസിപ്പിച്ചിരുന്ന ഫ്ലാറ്റുകളിലെ ബാൽക്കണികളിലേക്ക് സാന്റ സമ്മാനങ്ങളുമായി എത്തിയത്. അഗ്നിശമനസേനയാണ് സാന്റയെ സമ്മാനവിതരണത്തിന് സഹായിച്ചത്. ബാൽക്കണികളിലേക്ക് ചാഞ്ഞ് സാന്റ സമ്മാനം നൽകുമ്പോൾ താഴെ ആരോഗ്യപ്രവർത്തകർ ഡാൻസും പാട്ടുമായി ആഘോഷമാക്കി. പോൾ സുവാരസ് എന്നയാളാണ് സാന്റയായി വേഷമിട്ടത്. ഐ ലവ് യൂ സാന്റാ എന്ന് കുട്ടികൾ പറയുന്നത് കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം വേറെയില്ലെന്ന് പോൾ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.