
ഹരിദ്വാർ: രാജ്യത്തെ കർഷകരും കാർഷികമേഖലയും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കർഷകക്ഷേമം ഉറപ്പാക്കാനുമുള്ള പദ്ധതിയുമായി പതഞ്ജലി. സ്വാമി രാംദേവ്, ആചാര്യ ബലകൃഷ്‌ണ എന്നിവരുടെ നേതൃത്വത്തിൽ പതഞ്ജലി റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ 150ഓളം ശാസ്ത്രജ്ഞരാണ് സമഗ്രപദ്ധതി തയ്യാറാക്കിയത്. 'നവഹരിത് ക്രാന്തി:ആൻ അഗ്രോ വിഷൻ" എന്നപേരിൽ ഇത് പുസ്‌തകമായും അവതരിപ്പിച്ചു.
സ്വാമി രാംദേവിന്റെ നേതൃത്വത്തിൽ ഓൺലൈനിലും ഓഫ്‌ലൈനിലും ചേർന്ന യോഗത്തിൽ പദ്ധതികൾ പരിഗണിച്ചു. ജൈവകൃഷി പരിശീലനം, ജൈവവളം, ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ, കുറഞ്ഞവിലയുള്ള വളങ്ങൾ എന്നിവ കർഷകർക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൃഷി ലളിതമാക്കും. സർക്കാരും കർഷകരും തമ്മിലെ അന്തരം കുറയ്ക്കാൻ പതഞ്ജലി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് ഡയറക്‌ടർ ജനറൽ ഡോ. ത്രിലോചൻ മോഹപാത്ര, നീതി ആയോഗ് അംഗം പ്രൊഫ. രമേശ് ചന്ദ്, ഡോ. തേജ് പ്രതാപ്, ഡോ.എച്ച്.സി. ശർമ്മ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.