
അഡ്ലെയ്ഡ്: ഡേ-നൈറ്റായി നടത്തിയ രണ്ടാം ടെസ്റ്റിലും വിജയം നേടി ആസ്ട്രേലിയ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട ആഷസ് പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. അഡ്ലെയ്ഡ് ഓവൽ വേദിയായ രണ്ടാം ടെസ്റ്റിൽ 275 റൺസിനായിരുന്നു ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയുടെ വിജയം.ഗാബ വേദിയായ ആദ്യ മത്സരത്തിൽ ആസ്ട്രേലിയ 9 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു.അഞ്ച് വിക്കറ്റ് നേടിയ ഓസീസ് ബൗളർ ജെയ് റിച്ചാർഡ്സണാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ അന്തകനായത്. സ്കോർ: ആസ്ട്രേലിയ 473/9 ഡിക്ലയേർഡ്,230/9 ഡിക്ലയേർഡ്. ഇംഗ്ലണ്ട് 236/10, 192/0. മൂന്നാം ടെസ്റ്റ് ബോക്സിംഗ് ഡേയിൽ മെൽബണിൽ തുടങ്ങും.
ആസ്ട്രേലിയ ഉയർത്തിയ 468 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് 82/4 എന്ന നിലയിൽ അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് മൂന്നാം സെക്ഷനിൽ 192റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 44 റൺസെടുത്ത ക്രിസ് വോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. വോക്സിനെ റിച്ചാർഡ്സൺ ക്ലീൻബൗൾഡാക്കുകയായിരുന്നു. ഒരറ്റത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴുമ്പോഴും ശൈലിമാറ്റി കടുത്ത പ്രതിരോധവുമായി ജോസ് ബട്ട്ലർ പൊരുതി നോക്കിയെങ്കിലും, ഹിറ്റ് വിക്കറ്റായി ഒമ്പതാമനായി പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. 207 പന്ത് നേരിട്ട ബട്ട്ലർ 26 റൺസാണ് എടുത്തത്. വോക്സും ബട്ട്ലറും ഏഴാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തിരുന്നു. ബെൻസ്റ്റോക്സ് (12), ഒല്ലി പോപ്പ് (4), റോബിൻസൺ (8), ആൻഡേഴ്സൺ (2) എന്നിവരാണ് ഇന്നലെ പുറത്തായ മറ്റ് ഇംഗ്ലീഷ് ബാറ്റർമാർ.സ്റ്റാർക്കും ലിയോണും 2 വിക്കറ്റ് വീതം വീഴ്ത്തി.