
സുൽത്താൻ ബത്തേരി: സൈക്യാട്രിസ്റ്റെന്ന വ്യാജേന രോഗികളെ ഷോക്കടുപ്പിച്ചും മരുന്ന് നൽകിയും പറ്റിച്ചുവന്ന വ്യാജ ഡോക്ടർ പൊലീസ് പിടിയിലായി. അരിവയൽ വട്ടപ്പറമ്പിൽ സലീമി(49) നെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്പലവയൽ പുറ്റാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പൊലീസും ആരോഗ്യവകുപ്പും ഇയാളുടെ ചികിത്സാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്. പരാതിക്കാരനിൽ നിന്ന് ചികിത്സയുടെ പേരിൽ ഒന്നര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
ഇയാളുടെ ചികിത്സയിൽപ്പെട്ടുപോയ പലരും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പൊലീസ് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ ഡി.എം.ഒ നിർദേശം നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് യോഗ്യതയില്ലെന്നും പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യത മാത്രമാണുള്ളതെന്നും കണ്ടെത്തിയത്.
മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന മാതാവിന്റെ ചികിൽസാർത്ഥമാണ് പുറ്റാട് സ്വദേശി സുഹൃത്തിന്റെ നിർദേശപ്രകാരം സലീമിന്റെ അടുത്ത് ചികിത്സക്കെത്തുന്നത്. മാതാവിന്റെ ചികിത്സ തുടരുന്നതിനിടെ കാൻസർ രോഗിയായ പരാതിക്കാരനും മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇയാളുടെ അടുത്തു തന്നെ ചികിത്സതേടി. പിന്നീട് കുടുംബാംഗങ്ങളും കൗൺസിലിങ്ങിന് വിധേയമാകണമെന്ന് സലിം നിർദേശിച്ചപ്പോൾ ഭാര്യയും വിദ്യാർത്ഥികളായ മകളും മകനും സഹോദരന്റെ മക്കളെയും ഇയാളുടെ ചികിത്സാ കേന്ദ്രത്തിലെത്തിലെത്തിച്ച് ചികിത്സക്ക് വിധേയരാക്കി. എന്നാൽ കുട്ടികളെയടക്കം ഷോക്കടിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. സലീമിന്റെ ചികിത്സയെതുടർന്ന് പരാതിക്കാരന്റെ ആരോഗ്യ നില മോശമായി. ഇതേ തുടർന്ന് മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോഴാണ് സലീമിന്റെ തട്ടിപ്പ് മനസിലായത്. അതിനിടെ തന്നെ ഒന്നരലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തു കഴിഞ്ഞിരുന്നു.
മാനസിക രോഗങ്ങൾക്ക് ചികിത്സിക്കുന്ന ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രോഗികളെ കബളിപ്പിച്ച് വന്നത്. കൗൺസിലിംഗ് നടത്താനുള്ള പരിശീലനത്തിന്റെ മറവിലാണ് ഇതെല്ലാം ചെയ്തുവന്നത്. മാനസിക സമ്മർദ്ധം കണ്ടുപിടിക്കാനുള്ള യന്ത്രം തന്റെ കൈവശമുണ്ടെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിവന്നു. ഇയാൾക്കെതിരെ മറ്റ് രണ്ട് പരാതികൾകൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി പോലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നി, എ.എസ്.ഐ. അനീഷ്, എം.പി.ഉദയൻ, സീനിയർ പൊലീസ് ഓഫീസർ സണ്ണി ജോസഫ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.