
ന്യൂഡൽഹി ∙ ഒമിക്രോൺ രോഗികൾ വർദ്ധിക്കുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർ.ടി.പിയസിആർ ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്രം. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം എയർ സുവിധ പോർട്ടലിന്റെ സജ്ജമാക്കും. ഇത് സംബന്ധിച്ച് സിവിൽ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിറക്കി.
ഡൽഹി, മുംബയ് , കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണു പരിശോധന നടത്തേണ്ടത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും. സാധാരണ ആർ.ടി/പി/സി/ആര്‍ പരിശോധനയ്ക്ക് 500 രൂപയാണ് നിരക്ക്. പെട്ടെന്ന് ഫലം ലഭിക്കാൻ റാപ്പിഡ് പരിശോധന നടത്തണമെങ്കിൽ 3500 രൂപ ചെലവാക്കേണ്ടിവരും. 30 മിനിട്ട് മുതൽ ഒന്നര മണിക്കൂർ സമയത്തിനകം ഫലം ലഭ്യമാകും.
പരിശോധനയ്ക്ക് ബുക്ക് ചെയ്യുന്നതിനായി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം ∙ ‘ബുക്ക് കോവിഡ് ടെസ്റ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് രാജ്യാന്തര യാത്രക്കാരൻ എന്നതു തിരഞ്ഞെടുക്കുക∙ പേര്, ഫോൺ നമ്പർ, ഇമെയില്‍, ആധാർ നമ്പർ, പാസ്പോർട്ട് നമ്പർ, വിലാസം, എത്തിയ സമയം, തീയതി തുടങ്ങിയ വിവരങ്ങൾ നൽകുക.∙ ആർ.ടി.പി.സി.ആർ, റാപ്പിഡ് ആർ.ടി.പി.സി.ആർ എന്നിവയിൽനിന്ന് ആവശ്യമുള്ള പരിശോധനാ രീതി തിരഞ്ഞെടുക്കുക.