
ന്യൂഡൽഹി: ബിജെപി സർക്കാരിന്റെ മോശം ദിനങ്ങൾ ഉടൻ ആരംഭിക്കാൻ പോകുന്നെന്ന് കേന്ദ്ര സർക്കാരിനെതിരെ ആക്രോശിച്ച് രാജ്യസഭയിൽ ജയാ ബച്ചൻ. 'നോക്കൂ, നിങ്ങളുടെ സർക്കാരിന്റെ മോശം സമയം ഉടൻ ആരംഭിക്കാൻ പോകുകയാണ്' എന്നായിരുന്നു ഭരണപക്ഷ അംഗങ്ങളെ നോക്കി ജയാ ബച്ചൻ പറഞ്ഞത്. മയക്കുമരുന്ന് നിയന്ത്രണ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാൻ സഭ നിയന്ത്രിച്ചിരുന്ന ബിജെപി അംഗമായ ഭുബനേശ്വർ കലിത ക്ഷണിച്ചതിന് പിന്നാലെയാണ് സംഭവം.
സഭാദ്ധ്യക്ഷനെ നോക്കി ജയ കൈചൂണ്ടി സംസാരിച്ചുവെന്ന് ബിജെപി എം.പിയായ രാകേഷ് സിൻഹ പറഞ്ഞതിന് പിന്നാലെയാണ് ജയാ ബച്ചൻ ബിജെപി അംഗങ്ങളോട് ദേഷ്യപ്പെട്ടത്. 12 രാജ്യസഭംഗങ്ങളെ സസ്‌പെൻഡ് ചെയ്‌ത നടപടിയെ ജയാ ബച്ചൻ രൂക്ഷമായി വിമർശിച്ചു. സർക്കാരിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ സഭാദ്ധ്യക്ഷനിൽ നിന്നും നീതി പ്രതീക്ഷിക്കുന്നതായും ജയാ ബച്ചൻ പറഞ്ഞു. തുടർന്ന് ഭരണപക്ഷ അംഗങ്ങളുമായി ജയാ ബച്ചൻ വിഷയത്തിൽ തർക്കിച്ചതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
പനാമ പേപ്പറുകളിലെ വെളിപ്പെടുത്തലിൽ നടിയും മരുമകളുമായ ഐശ്വര്യ റായിയോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജയാ ബച്ചൻ ഭരണപക്ഷത്തിനെതിരെ രാജ്യസഭയിൽ ആഞ്ഞടിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഐശ്വര്യ ഇ.ഡി ഓഫീസിൽ നിന്നും മടങ്ങി.