
തിരുവനന്തപുരം: വർഗസമരത്തിന് പകരം വർഗസഹകരണം മുന്നോട്ടുവയ്ക്കുന്ന നാലാംലോക സിദ്ധാന്തം അവതരിപ്പിച്ചെന്ന നയവ്യതിയാനത്തിന് പുറത്താക്കിയ മാർക്സിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരന് ഒന്നര പതിറ്റാണ്ടിന്റെ അകൽച്ചയ്ക്ക് ശേഷം സി.പി.എമ്മിൽ വീണ്ടും പരിഗണന. വൈരുദ്ധ്യാത്മക ഭൗതികവാദം ലളിതമായി വിശദീകരിക്കുന്ന എം.പി. പരമേശ്വരന്റെ പുസ്തകം ചിന്ത പബ്ലിഷേഴ്സ് വിലക്ക് അവസാനിപ്പിച്ച് വിപണിയിൽ എത്തിച്ചു.
പാർട്ടി അണികൾക്കും മാർക്സിസ്റ്റ് വിദ്യാർത്ഥികൾക്കും സ്വീകാര്യമായിരുന്ന പുസ്തകം 2003 വരെ ഒമ്പത് എഡിഷനുകൾ ഇറക്കി. 2004 ഫെബ്രുവരി 14ന് എം.പി. പരമേശ്വരനെ പുറത്താക്കിയതോടെ പുസ്തകം പിൻവലിച്ചു. പരമേശ്വരനൊപ്പം പുറത്താക്കപ്പെട്ട ഡോ.ബി. ഇക്ബാൽ പാർട്ടിയിൽ തിരിച്ചെത്തി. വിവാദം കാലഹരണപ്പെട്ടിട്ടും പരമേശ്വരൻ തിരിച്ചെത്തിയിട്ടില്ല. അതിനിടയിലാണ് ചിന്ത ആസ്ഥാനത്ത് കെട്ടിക്കിടന്ന പുസ്തകം വീണ്ടും വായനക്കാരിലേക്കെത്തിക്കുന്നത്. സി.പി.എമ്മിന്റെ ജില്ലാസമ്മേളന വേദികളിൽ പുസ്തകത്തിന് വലിയ പ്രിയമാണ്.
വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ 1958 - 98 എന്ന പ്രബന്ധ വിവർത്തനത്തിലൂടെ 2000ത്തിലാണ് നാലാം ലോക സിദ്ധാന്തം മലയാളത്തിൽ ആദ്യമായി എം.പി പരമേശ്വരൻ അവതരിപ്പിക്കുന്നത്.
ജനകീയാസൂത്രണത്തിൽ വിദേശ ഫണ്ടിംഗ് ആരോപിച്ച് പ്രൊഫ.എം.എൻ. വിജയനും പാഠം മാസികയും പ്രത്യയശാസ്ത്ര യുദ്ധം ആരംഭിച്ചപ്പോൾ നാലാം ലോക സിദ്ധാന്തവും സി.പി.എം പോരിന് എരിവേകി. ഇതിന്റെ മൂർദ്ധന്യത്തിലായിരുന്നു പരമേശ്വരന്റെ പുറത്താക്കൽ. ഉറ്റ സുഹൃത്തുക്കളായ തോമസ് ഐസക്, കെ.എൻ. ഗണേശ്, പി. ഗോവിന്ദപിള്ള, എം.എ. ബേബി തുടങ്ങിയവരും നാലാം ലോകസിദ്ധാന്തത്തെ വിമർശിച്ചു. എൻ.എസ്. മാധവൻ ആ പേരിൽ കഥയെഴുതി.
പരമേശ്വരന്റെ പുറത്താക്കലിന് ശേഷവും ജനകീയാസൂത്രണത്തിനെതിരെ പാഠം മാസിക പോരാട്ടം തുടർന്നു. പു.ക.സയിൽ രണ്ട് ചേരികളായി. 2005ലെ മലപ്പുറം സമ്മേളനമായപ്പോൾ വി.എസ് - പിണറായി പോര് എന്ന നിലയിലേക്ക് പാർട്ടി പോര് മൂർച്ഛിച്ചു.
അന്ന് എം.എൻ. വിജയനെ പ്രിയശിഷ്യനായിരുന്ന പിണറായി വിജയൻ രൂക്ഷമായി പൊതുവേദിയിൽ ആക്രമിച്ചതും 2007ൽ എം.എൻ. വിജയൻ അന്തരിച്ചപ്പോൾ അദ്ദേഹം നല്ല ഗുരുനാഥനായിരുന്നു എന്ന് ഒറ്റവാക്കിൽ പിണറായി അനുസ്മരണം ഒതുക്കിയതും വാർത്തയായി.
സോഷ്യലിസത്തിൽ നിന്നും മുതലാളിത്തത്തിൽ നിന്നും ഭിന്നമാണ് എം.പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തം. എല്ലാവർക്കും പ്രാതിനിദ്ധ്യമുള്ള ലോകം. സോഷ്യലിസം, മാർക്സിസം, ഗാന്ധിസം, ദളിത് പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാ വർഗങ്ങൾക്കും സൈദ്ധാന്തിക ഇടം നൽകുന്നതാണ് നാലാം ലോക സങ്കൽപ്പം. ഇത് വർഗസമര സിദ്ധാന്തത്തെ തള്ളുന്നതാണെന്ന് സി.പി.എം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, തോമസ് ഐസക് മുഖ്യമന്ത്രിയാകണമെന്ന് പരമേശ്വരൻ തുറന്നടിച്ചു. വി.എസിനെയും പിണറായിയെയും തള്ളിയാണ് ഐസക്കാണ് ജനസ്വീകാര്യനെന്ന് പരമേശ്വരൻ വാദിച്ചത്.