
ന്യൂഡൽഹി: ജമ്മുകാശ്മീർ പവർ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിനെ നാഷണൽ ഗ്രിഡ് കോർപ്പറേഷനിൽ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജമ്മുകാശ്മീർ വൈദ്യുതി വകുപ്പ് ജീവനക്കാർ വെള്ളിയാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിൽ പല ജില്ലകളും ഇരുട്ടിലായി. വൈദ്യുതി തടസപ്പെട്ടതോടെ സർക്കാർ സഹായം തേടിയ പ്രകാരം മിലിട്ടറി എൻജിനിയറിംഗ് സർവീസിലെ സൈനികരുടെ സഹായത്തോടെയാണ് പല പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്. പ്രതിസന്ധി തുടരുന്ന 20 ശതമാനത്തോളം പ്രദേശത്ത് അത് പരിഹരിക്കാനായി ശ്രമിക്കുകയാണെന്ന് കേന്ദ്ര ഊർജ മന്ത്രി ആർ.കെ. സിംഗ് പറഞ്ഞു. സമരക്കാരുമായി സർക്കാർ ചർച്ചകളാരംഭിച്ചു. വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് വൈദ്യുതി ജീവനക്കാരുടെയും എൻജിനിയർമാരുടെയും നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.