muni-narayana-prasad

നടരാജഗുരുവിന്റെ ഉത്തമ ശിഷ്യനായ ഗുരു മുനിനാരായണപ്രസാദ് ശതാഭിഷിക്തനാകുകയാണ്. വർക്കല നാരായണഗുരുകുലത്തിന്റെ ഗുരുവും അധിപനുമാണ് അദ്ദേഹം. ഒരു ഗുരുവിലുള്ള ശ്രദ്ധയും സ്വപ്രയത്നവും കൂടിച്ചേർന്നാൽ ഒരു ജന്മംകൊണ്ടു തന്നെ ജ്ഞാനത്തിന്റെ കൊടുമുടിയിലെത്താമെന്ന് സ്വജീവിതം കൊണ്ടുതെളിയിച്ച മഹാനുഭാവൻ. ശ്രീനാരായണഗുരുവിനാൽ വിരചിതമായ മുഴുവൻ കൃതികൾക്കും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം ചമയ്ക്കാനായത് ഗുരുനിയോഗമാണെന്ന് മുനി പറയാറുണ്ട്. നടരാജഗുരു ഒരിക്കൽ പറയുകയുണ്ടായി 'പ്രസാദിന് ഒരു ഡ്രാഫ്റ്റ്സ്‌മാന്റെ മനസാണെന്ന്.' എല്ലാ കൃതികളിലും എഴുത്തിലും തന്റേതായ ശൈലി നിലനിറുത്തിയിട്ടുള്ളതായി കാണാൻ കഴിയും. മനസിലാക്കാൻ പ്രയാസമേറിയ വേദാന്തരഹസ്യത്തെ ലളിതപദങ്ങളിലൂടെ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ എഴുതാനുള്ള ഗുരുവിന്റെ മികവ് അപരസാമ്യമില്ലാത്തതാണ്. ജീവിതം എന്നത് ഭൗതികതയും ആത്മീയതയും ഒന്നായിരിക്കുന്ന പ്രതിഭാസമായതിനാൽ ഫിസിക്സും മെറ്റാഫിസിക്സും ചേർത്തുവച്ചിട്ടുള്ള ഒരു പഠനമാണ് ഗുരു മുന്നോട്ടുവയ്ക്കുന്നത്.
ഗുരുകുല സന്യാസപരമ്പരയിലെ രണ്ടാമത്തെ വ്യക്തിയായി വില്‌പത്രം രജിസ്റ്റർ ചെയ്തതിനുശേഷം നടരാജഗുരു, മുനിഗുരുവിന് സന്യാസത്തിന്റെ സൂക്ഷ്മപാഠങ്ങൾ പകർന്നു നല്‌കി. അന്നു മുതൽ, ഉദ്യോഗം രാജിവച്ച് ഗുരുകുലത്തിൽ തുടരാൻ തീരുമാനിച്ചതിനുശേഷം, ത്യാഗത്തിന്റെയും സന്യാസത്തിന്റെയും ഗൗരവപാഠങ്ങൾ ഓരോന്നായി പറഞ്ഞുകൊടു
ത്തു.

മുനിഗുരുവിന്റെ അഭിപ്രായത്തിൽ, സ്ഥാപനങ്ങൾ ഏറ്റെടുത്തുനടത്തേണ്ടി വരുമ്പോൾ, സ്ഥാനമാനങ്ങൾ അവരെ യഥാർത്ഥസന്യാസത്തിൽ നിന്ന് വഴിതെറ്റിക്കാറുണ്ട്. സന്യാസിയായി ജീവിക്കാൻ ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ മഹിമയല്ല തികഞ്ഞ ത്യാഗിയായിരിക്കുകയാണ് വേണ്ടത്. വേദാന്തം സുവിശേഷദൃഷ്ടിയിൽ എന്ന ഗ്രന്ഥത്തിൽ പരമാനന്ദത്തെക്കുറിച്ച് - ആകെയുള്ള സത്യത്തെ ഒരു കടലായി കണ്ടാൽ ആ കടലിൽ ഇളകിമറിയുന്ന തിരകളാണ് ഓരോ വ്യക്തിയും. വ്യക്തിയാകുന്ന തിര, തന്നെ, സത്യമാകുന്ന കടലിൽ നിന്ന് വേറല്ലാതെ കാണുമ്പോൾ, അല്‌‌പസമയം മാത്രം നിലനില്‌ക്കുന്ന തന്റെ ജീവിതത്തിലുണ്ടാകുന്ന സുഖദുഃഖകാരണമായ സംഭവങ്ങളെല്ലാം തനിക്ക് സംഭവിച്ചതായി കാണുന്നതിനുപകരം ആകെയുള്ള സത്യമാകുന്ന കടലിൽ സംഭവിച്ചതായി കാണും. അങ്ങനെ വ്യക്തിയെന്ന നിലയിൽ തനിക്ക് സുഖവുമില്ല, ദുഃഖവുമില്ല എന്ന് സദാ അനുഭവിച്ചുകൊണ്ടിരിക്കും. അഥവാ സുഖത്തെയും ദുഃഖത്തെയും പരമമായ സത്യത്തിന്റെ ആനന്ദസ്വരൂപതയുടെ ഭാവമുഖങ്ങളായി സദാകണ്ടുകൊണ്ടിരിക്കും. അങ്ങനെ ജീവിതത്തിലെ സുഖത്തിലും ദുഃഖത്തിലും പരമമായ പൊരുളിന്റെ ആനന്ദസ്വരൂപതയെ സദാ ദർശിച്ചുകൊണ്ടിരിക്കുന്നതു തന്നെയാണ് പരമമായ ആനന്ദം. ഈ ആനന്ദം ഇവിടെ ഈ ലോകത്തിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ അനുഭവിക്കുന്നതിനുള്ള വഴിതെളിച്ചു തരികയാണ് ലോകത്തിലെ എല്ലാ ഗുരുക്കന്മാരും പ്രവാചകന്മാരും ചെയ്തിട്ടുള്ളത്. ദർശനമാലയെപ്പറ്റി ആത്മോപദേശ ശതക'ത്തിൽ അവതരിപ്പിക്കുന്നത് അദ്വൈതദർശനമാണെങ്കിലും അതിലെ ചിന്താശൈലിയും അവതരണശൈലിയും ഗുരുവിന്റെ സ്വന്തമാണ്. ദർശനമാല'യിലാകട്ടെ, ചിന്താശൈലി പരമ്പരാഗതമായ ശാങ്കരവേദാന്തത്തിന്റേതാണ്; അവതരണശൈലി സ്വന്തവും. പ്രപഞ്ചാകാരമായ വിലാസം ചെയ്യുന്ന അദ്വൈതസത്യത്തെ അതിന്റെ പത്ത് വ്യത്യസ്തമുഖങ്ങളിൽ നിന്നുകൊണ്ട് വീക്ഷിക്കുമ്പോഴുള്ള ദർശനങ്ങളാണ് പത്ത് അദ്ധ്യായങ്ങളിലായി ഇതിൽ അവതരിപ്പിക്കുന്നത്. അതിലൂടെ വേദാന്തശാസ്ത്രം അതിന്റെ പൂർണഭാവത്തിൽ അനാവൃതമായിത്തീരുകയും ചെയ്യുന്നു. ഇത്തരം ഒരവതരണശൈലി പാശ്ചാത്യലോകത്തും പൗരസ്ത്യലോകത്തുമുള്ള മറ്റു ചിന്തകരാരും കൈവച്ചിട്ടില്ലാത്ത ഒന്നാണെന്ന പ്രത്യേകതയുണ്ട്.

അറിവ് ' എന്ന കൃതി

ഭാരതത്തിലെ ദാർശനികചിന്തയ്ക്കും ലോകത്തിലെ ദാർശനികചിന്തയ്‌ക്കും നാരായണഗുരു നല്‌കിയ തനതായ ഒരു സംഭാവനയാണ് ഈ കൃതി. നാരായണഗുരുവിന്റെ വ്യക്തിമുദ്ര‌യുള്ള ഒരു സംഭാവന. അറിവിനെ സംബന്ധിച്ച് ഇത്ര ആഴത്തിലും പരപ്പിലുമുള്ള ഒരു പഠനം ലോകത്തിലുള്ള ഒരു ദാർശനിക ചിന്താസമ്പ്രദായത്തിലും ഇതഃപര്യന്തം ഉണ്ടായിട്ടുള്ള
തായി കാണുന്നില്ല. സമഗ്രമായ സത്യദർശനത്തിന്റെ മിഴിവ് ഇതിലെ ഓരോ വാക്കിലും നിറഞ്ഞു നില്‌ക്കുകയും ചെയ്യുന്നു. നാരായണഗുരുവിനെ ഒരു മഹാവിപ്ലവകാരിയായി മനസിലാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നവർ, ഗുരു ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിന്താവിപ്ലവം ഒന്നു കണ്ടിരുന്നെങ്കിൽ !

( ലേഖിക ചെമ്പഴന്തി അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടറാണ് )