
ആലപ്പുഴ: ചേർത്തല വയലാറിൽ ആർ.എസ്.എസ്.എസ് ഗഡനായക് നന്ദുകൃഷ്ണയെ (22) കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പിടിയിലായ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൊലപാതകം ആസൂത്രണം ചെയ്ത മണ്ണഞ്ചേരി പൊന്നാട് കവച്ചിറ രാജേന്ദ്രപ്രസാദ്,കലവൂർ കാട്ടൂർ കുളമാക്കി വെളിയിൽ കെ.എം.രതീഷെന്ന കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മൂന്നു മാസത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു ഷാനിന്റെ കൊലപാതകം. രാജേന്ദ്ര പ്രസാദ്
വാടകയ്ക്കെടുത്തു നൽകിയ കാറിൽ ആക്രമികളായ അഞ്ചംഗ സംഘമാണുണ്ടായിരുന്നത്. ഷാനിന്റെ സഞ്ചാര റൂട്ട് മനസിലാക്കി അക്രമി സംഘത്തെ സഹായിക്കാൻ ബൈക്കിൽ ഒരാളുമുണ്ടായിരുന്നു. ഈ ആറംഗ സംഘത്തിൽ ഒരാളെ ഒഴിച്ച് എല്ലാവരേയും പൊലീസ് തിരിച്ചറിഞ്ഞു.
ശനിയാഴ്ച വൈകിട്ട് ആലപ്പുഴ നഗരത്തിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പങ്കെടുത്ത യോഗത്തിൽ രാജേന്ദ്രപ്രസാദും രതീഷും പങ്കെടുത്തിരുന്നു. സമ്മേളനത്തിന് ശേഷമാണ് ഷാൻ ആക്രമിക്കപ്പെട്ടത്. പ്രതികളെ ആർ.എസ്.എസിന്റെ ആലപ്പുഴ കാര്യാലയത്തിൽ നിന്നാണ് പിടി കൂടിയത്. നന്ദുകൃഷ്ണയുടെ കൊലപാതകത്തിന് തിരിച്ചടിയെന്നോണം ജില്ലയിലെ നാല് എസ്.ഡി.പി.ഐ നേതാക്കളെ ആർ.എസ്.എസ് ലക്ഷ്യമിട്ടിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർ കലവൂർ, മണ്ണഞ്ചേരി, ഓമനപ്പുഴ സ്വദേശികളായ ആർ.എസ്.എസ്. പ്രവർത്തകരാണെന്നും കണ്ടെത്തി.ഷാനിന്റെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി.ബെന്നിക്ക് കൈമാറി.