
സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് മേരി ജോസഫ് മാമ്പള്ളിയും കുടുംബവും. അമ്മാമ്മയായിരുന്നു ആദ്യത്തെ സൂപ്പർസ്റ്റാറെങ്കിലും ഇന്നിപ്പോൾ വീട്ടിലെ എല്ലാവരും കയ്യടി നേടുന്ന പ്രതിഭകളാണ്. അമ്മാമ്മയ്ക്കും കുടുംബത്തിനും കേരളത്തിനൊപ്പം വിദേശത്തും നിരവധി ആരാധകരുണ്ട്. അമ്മാമ്മയുടെ കഥ, ഒപ്പം മക്കളുടെയും കൊച്ചുമക്കളുടെയും ക്രിസ്മസ് വിശേഷങ്ങളും. അമ്മാമ്മയുടെ കഥ, അമ്മാമ്മയ്ക്കൊപ്പം കട്ടയ്ക്ക് കൂടെയുള്ള കൊച്ചുമകൻ ജിൻസൻ പറയുന്നു.
ഐശ്വര്യം കൊണ്ടു വന്ന 
ഒൻപതിൽ ചാടിയ പൂച്ച
ഞാൻ ഗൾഫിൽ നിന്ന് ലീവിന് വന്നപ്പോഴാണ് ആദ്യത്തെ വീഡിയോ ചെയ്യുന്നത്. അന്ന് വെള്ളപ്പൊക്കം ഉണ്ടായ സമയമായിരുന്നു. വെള്ളപ്പൊക്ക ക്യാമ്പിൽ വച്ച് പരിചയപ്പെട്ട പ്രവീണ എന്ന കൂട്ടുകാരി വഴി ടിക്ക്ടോക്കിലേക്ക് എന്റെ ശ്രദ്ധ തിരിയുകയും പിന്നീട് അതിൽ വീഡിയോകൾ ഇടുകയുമായിരുന്നു. അനിയൻ ലെക്സനുമായി ചേർന്നാണ് ആദ്യത്തെ വീഡിയോ ചെയ്തത്. അന്ന്  വലിയ റീച്ച് ഒന്നും ഉണ്ടായിരുന്നില്ല. അനിയൻ ലീവ് കഴിഞ്ഞുമടങ്ങിയ ശേഷം സ്വന്തമായി കിട്ടിയ ഒരു ത്രെഡ് വികസിപ്പിച്ച് അമ്മാമ്മയോടൊപ്പം വീഡിയോകൾ ചെയ്യാൻ തുടങ്ങി. ഒൻപതിൽ കൂടി പൂച്ച ചാടുന്ന ബാറ്ററിയെക്കുറിച്ചുള്ള വീഡിയോ, അതായത് എവറഡിയുടെ ബാറ്ററിയുടെ കഥ. അതാണ് ഞങ്ങളെപ്പോലും ഞെട്ടിച്ചു കൊണ്ട് ലൈക്കുകൾ വാരികൂട്ടിയത്. തുടർന്നുള്ള വീഡിയോകൾ എല്ലാം തന്നെ ട്രെൻഡ് ആവുകയായിരുന്നു. പിന്നെയാണ് 'കോമഡി ഉത്സവം" പരിപാടിയിലേക്ക് ക്ഷണം കിട്ടിയത്. അത് കഴിഞ്ഞു ഞാൻ ഗൾഫിലേയ്ക്ക് തിരിച്ചു പോയി. പിന്നെ അവിടെ നിന്നുകൊണ്ട് തന്നെ ഞാൻ സ്ക്രിപ്റ്റ് എഴുതി എന്റെ ഭാഗം ഷൂട്ട് ചെയ്ത് കൂട്ടുകാർക്ക് അയച്ചുകൊടുക്കുകയായിരുന്നു. അവർ അമ്മാമയുടെ സീനുകൾ ഷൂട്ട് ചെയ്ത് മൊത്തത്തിലുള്ള വീഡിയോ അപ്ലോഡ് ചെയ്തുകൊണ്ടിരുന്നു.
ഈ കരുതലും സ്നേഹവും
'നെല്ലിക്ക" എന്നൊരു വെബ്സീരിസിൽ നേരത്തെ അഭിനയിച്ചിരുന്നു. പക്ഷേ 'അമ്മാമയുടെ കൊച്ചുമോൻ" എന്ന പേരിൽ തുടങ്ങിയ യൂ ടൂബ് ചാനലാണ് വളരെ വേഗം റീച്ച് ആയത്. വീഡിയോകൾ കാണുന്നവരിൽ വലിയൊരു വിഭാഗം പ്രവാസികളാണ്.  പല വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിച്ചു. ഒരുപാട് പരിമിതികൾക്ക് നടുവിൽ നിന്നുകൊണ്ടാണ് പലപ്പോഴും വീഡിയോ ചെയ്യുന്നത്. 90 ശതമാനം വീഡിയോയും മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിക്കുന്നവയാണ്. അമ്മാമയോടുള്ള സ്നേഹം... അതാണ് ഞങ്ങളുടെ വീഡിയോകൾ ഹിറ്റാവുന്നതിന്റെ കാരണം. നിരവധി കടകളുടെ ഉദ്ഘാടനത്തിനും മറ്റുമൊക്കെ അമ്മാമ്മയെ അതിഥിയായി വിളിക്കാറുണ്ട്. അതൊക്കെ എത്രയോ സന്തോഷം തരുന്ന കാര്യങ്ങളാണ്! കൊവിഡ് സമയത്തൊക്കെ എത്രയോ പേരാണ് എന്നെ വിളിച്ച് അമ്മാമ്മ സേഫ് ആയിരിക്കുന്നോ എന്നന്വേഷിച്ചുകൊണ്ടിരുന്നത്. ആ കരുതലിനും സ്നേഹത്തിനും പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഞങ്ങളുടെ വീഡിയോയിൽ സന്ദേശങ്ങളാണ് മുഖ്യം. കോമഡിക്ക് പ്രാധാന്യം നല്കിയുള്ള വിഡിയോകളും സന്ദേശങ്ങൾ ഷെയർ ചെയ്തുള്ള വീഡിയോകളും ഒരേ സമയം ചെയ്യാറുണ്ട്. ഒരു തവണ കോമഡി വീഡിയോ ചെയ്താൽ തൊട്ടടുത്തത് കുറച്ച് ഗൗരവമായ വിഷയമായിരിക്കും. രണ്ടും ഒരേപോലെ പ്രേക്ഷകർ സ്വീകരിക്കുന്നു എന്നറിയുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ഓരോ വീഡിയോ ചെയ്യുന്നതും ഒരു പോസിറ്റീവ് വൈബ് നിലനിറുത്തിക്കൊണ്ടാണ്. ഞാൻ വിദേശത്ത് സേഫ്റ്റി ഓഫീസറായിട്ടാണ് ജോലി ചെയ്തത്. 2011 ലാണ് ഗൾഫിലേക്ക് പോകുന്നത്. അബുദാബി, സൗദി, ഖത്തർ എന്നിങ്ങനെ പല രാജ്യത്തും ജോലി നോക്കിയിരുന്നു. ഒരു വീട് വയ്ക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. അത് സാധിച്ചു. ഞാൻ ഗൾഫിൽ നിന്ന് കഷ്ടപ്പെട്ടതും അതിനായിരുന്നു. ഓൺലൈനിൽ നിന്ന് വരുമാനം ലഭിക്കുക എന്നതിനപ്പുറം നല്ലൊരു സന്ദേശം ജനങ്ങളിലേക്കെത്തുമ്പോഴുള്ള മനസിന്റെ സന്തോഷം, അതിനാണ് ഞങ്ങൾ മുൻതൂക്കം നൽകുന്നത്.

അമ്മാമ്മയാണ് താരം
സോഷ്യൽ മീഡിയയിലെ താരങ്ങൾക്ക് ഭയങ്കര തലക്കനമാണ് എന്നൊക്കെ പലരും കേട്ടിട്ടുണ്ട്. എന്റെ കാര്യത്തിൽ ഞാനല്ല, അമ്മാമ്മയാണ് താരം. അമ്മാമ്മ പറയുന്ന കാര്യങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരിൽ ഒരാളാണ് ഞാനും. അമ്മാമ്മയുടെ സ്വന്തം കൊച്ചുമോൻ. അമ്മാമയ്ക്ക് വൈറലാകുക എന്നാൽ എന്താണെന്ന് പോലും അറിയില്ല. അമ്മാമ്മയ്ക്ക് ഇത്രത്തോളം ആരാധകരുണ്ട് എന്നൊന്നും ഇതുവരെ അമ്മാമ്മയോട് പറഞ്ഞിട്ടില്ല. അമ്മാമ്മയെ സ്നേഹിക്കുന്ന കുറച്ചു പേർ ഉണ്ടെന്നറിയാം, അത്ര മാത്രം. ഫോൺ വിളിക്കുന്നവരോടൊക്കെ അമ്മാമ്മ സംസാരിക്കാറുണ്ട്. രാത്രി വിളിച്ചാലും അത് ഒരു ബുദ്ധിമുട്ടായി അമ്മാമ്മ ഇന്നേവരെ പറഞ്ഞിട്ടില്ല. മറ്റുള്ളവർ നമ്മളെ വിളിക്കുക എന്നതാണ് വലിയ കാര്യം എന്നാണ് അമ്മാമ്മ പറയാറുള്ളത്. അമ്മാമ്മയാണ് ഞങ്ങളുടെ എന്നെന്നുമുള്ള സ്റ്റാർ. എന്റെ യഥാർത്ഥപേര് എന്തെന്ന് പോലും പലർക്കും അറിയില്ല. അമ്മാമ്മയുടെ കൊച്ചുമോൻ എന്ന ലേബലിലാണ് ആൾക്കാർ എന്നെ തിരിച്ചറിയുന്നത്.ഞാൻ അമ്മാമ്മയെ ജനങ്ങൾക്കരികിലേക്ക് എത്തിച്ച ഒരാൾ, അത്ര മാത്രമേയുള്ളൂ.
അമ്മാമ്മയുടെ ആഗ്രഹങ്ങൾ
അമ്മാമ്മയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ബൈക്കിൽ കയറണം എന്നത്. 2017 ഡിസംബറിലാണ് ഞാൻ ബുള്ളറ്റ് വാങ്ങുന്നത്. ആ ഞായറാഴ്ചത്തെ കുർബാനയ്ക്ക് തന്നെ അമ്മാമ്മയെയും കൊണ്ട് ബുള്ളറ്റിൽ പോയി. അമ്മാമ്മയ്ക്ക് ആ യാത്ര വലിയ സന്തോഷമായിരുന്നു. ഫ്ലൈറ്റ് യാത്ര അമ്മാമ്മ സ്വപ്നം കണ്ടിട്ടുകൂടിയുണ്ടായിരുന്നില്ല. അതും സാധിച്ചു. ഭാഗ്യമായി കാണുന്നു. പ്രതീക്ഷിക്കാതെയാണെങ്കിലും  ഇപ്പോൾ  ഇങ്ങനെയൊരു ട്രാക്കിലേക്ക് ജീവിതം മാറി. നിലവിൽ തുടർന്നുപോകുന്ന അച്ചാർ ബിസിനസ് നന്നായി മുന്നോട്ടുകൊണ്ടുപോകണമെന്നു മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം. കൊച്ചിയിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ തൃശൂരിലും ഒരു ബ്രാഞ്ചിട്ടു. അമ്മാമ്മയോടുള്ള ഇഷ്ടം കൊണ്ടാണ് പലരും എന്നെയും സപ്പോർട്ട് ചെയ്യുന്നത്. അമ്മാമ്മയ്ക്ക് സിനിമയിൽ ചെറിയ റോളുകൾ ആണെങ്കിലും  ലഭിക്കുന്നതിൽ വളരെ സന്തോഷം. എല്ലാത്തിനും കടപ്പാട് ഞങ്ങളുടെ വീഡിയോകൾ പിന്തുണയ്ക്കുന്ന സുഹൃത്തുക്കളോട് തന്നെയാണ്.
ക്രിസ്മസ് വിശേഷങ്ങൾ
ഏറെ സന്തോഷത്തോടെയാണ് ക്രിസ്മസിനെ എന്നും വരവേല്ക്കുന്നത്. ഇത്തവണ ചില ക്രിസ്മസ് പരിപാടികളിൽ അമ്മാമ്മ വിശിഷ്ടാതിഥിയായിരുന്നു. അമ്മാമ്മയെ സ്നേഹിക്കുന്നവരുടെ സന്തോഷം നേരിട്ട് കണ്ടറിയുന്ന അനുഭവം എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ ദിവസം അമ്മാമ്മയുടെ പിറന്നാളായിരുന്നു. അന്ന് അമ്മാമ്മയും അപ്പാപ്പനും കൂടി നില്ക്കുന്ന ഒരു ഫോട്ടോ വരച്ച് അമ്മാമ്മയ്ക്ക് കൊടുത്തു. അമ്മാമ്മക്ക് വലിയ സർപ്രൈസ് ആയിരുന്നു അത്. അപ്പാപ്പൻ മരിച്ചത് 37 വർഷം മുമ്പാണ്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളൊന്നും  വീട്ടിൽ ഉണ്ടായിരുന്നില്ല. അന്ന് അമ്മാമ്മയുടെ മുഖത്ത് കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. 'അമ്മാമ്മാസ് സ്പെഷ്യൽ അച്ചാർ" എന്ന നമ്മുടെ സംരംഭം വളരെ നന്നായി മുന്നോട്ടുപോകുന്നു എന്നതാണ് ഇപ്പോഴത്തെ വിശേഷം. പല വിദേശരാജ്യങ്ങളിൽ നിന്നും ഓർഡറുകൾ വരുന്നുണ്ട്. അതോടൊപ്പം 'അമ്മാമ്മാസ് സ്പെഷ്യൽ" കറിമസാലകൾ ഉടൻ വരുന്നുണ്ട്. രാസവസ്തുക്കളൊന്നും ചേർക്കാത്ത തനതായ രുചികളുള്ള മസാലക്കൂട്ടുകളാണ്. കൊച്ചിയിൽ അങ്കമാലി അത്താണിയിലും തൃശൂരിൽ എടമുട്ടത്തുമാണ് അമ്മാമ്മാസ് അച്ചാർ ഷോപ്പുകൾ ഉള്ളത്. അമ്മാമ്മ അഭിനയിച്ച 'മാർട്ടിൻ" എന്ന സിനിമ ഉടൻ റിലീസിനെത്തും. തെലുങ്കിൽ ഉൾപ്പെടെ സിനിമകളിലും പിന്നെ കുറച്ചു പരസ്യചിത്രങ്ങളിലുമൊക്കെ അഭിനയിക്കാൻ സാധിച്ചു. ഇപ്പോൾ വീട്ടിലുള്ളവരെല്ലാം വീഡിയോകളിൽ സജീവമാണ്, അപ്പൻ തങ്കച്ചനും അമ്മ സലോമിയും കട്ടയ്ക്ക് കൂടെയുണ്ട്. എന്റെ ഭാര്യ റോസ്മി, അനിയൻ ലെക്സൻ, ഭാര്യ അഞ്ജു എന്നിവർ കൂടി ചേരുമ്പോൾ  കുടുംബങ്ങൾക്ക് പ്രിയപ്പെട്ട രീതിയിൽ വീഡിയോകൾ ചെയ്യാൻ സാധിക്കുന്നു. എല്ലാത്തിനും ഈശ്വരനോട്  നന്ദി.