
ന്യൂയോർക്ക്: നികുതിയായി ഈവർഷം 1,100 കോടി ഡോളർ (ഏകദേശം 83,410 കോടി രൂപ) അടയ്ക്കുമെന്ന് ടെസ്ല, സ്പേസ്എക്സ് എന്നിവയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എലോൺ മസ്ക് ട്വിറ്ററിലൂടെ വ്യക്തമാക്കി. നികുതിയടയ്ക്കാൻ മസ്ക് തയ്യാറാകണമെന്ന് സെനറ്റർ എലിസബത്ത് വാറൻ ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി ട്വീറ്റായാണ് നികുതിയടയ്ക്കുമെന്ന് മസ്ക് പറഞ്ഞത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത നികുതിയാണ് താൻ ഈവർഷം അടയ്ക്കുകയെന്ന് മസ്ക് പറഞ്ഞു. ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് മസ്ക്. 24,000 കോടി ഡോളറാണ് ആസ്തി (ഏകദേശം 18.19 ലക്ഷം കോടി രൂപ). ശതകോടീശ്വരന്മാരുടെ കൈവശമുള്ള ഓഹരികളിലെ ദീർഘകാല മൂലധന നേട്ടത്തിന്മേൽ നികുതി ഈടാക്കാനും അതുവഴി സർക്കാരിന്റെ സമ്പദ്ഭദ്രത ഉറപ്പാക്കാനുമായി ബൈഡൻ ഭരണകൂടം ബിൽ കൊണ്ടുവന്നിരുന്നു.
ശമ്പളമോ ബോണസോ കൈപ്പറ്റാത്തതിനാൽ വ്യക്തിഗത നികുതിയടയ്ക്കാൻ ടെസ്ലയിലെ ഓഹരികൾ വിറ്റഴിക്കണമെന്ന് വ്യക്തമാക്കി മസ്ക് ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയത് വൻ ചർച്ചയും വിവാദവും സൃഷ്ടിച്ചിരുന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 35 ലക്ഷത്തോളം പേരിൽ 58 ശതമാനം പേർ ഓഹരി വിറ്റഴിക്കുന്നതിനെ അനുകൂലിച്ചു. ഇതോടെ 1,400 കോടി ഡോളറിന്റെ (1.06 ലക്ഷം കോടി) ടെസ്ല ഓഹരികൾ മസ്ക് വിറ്റഴിക്കുകയും ചെയ്തിരുന്നു.
ജോലി ഉപേക്ഷിക്കാനും മുഴുവൻ സമയ 'ഇൻഫ്ളുവെൻസറായി" (വിവിധ വിഷയങ്ങളിൽ സ്വാധീനം ചെലുത്തുന്നയാൾ, ഉപദേശകൻ) മാറാനും ആഗ്രഹിക്കുന്നതായി അടുത്തിടെ മസ്ക് ട്വിറ്ററിൽ നടത്തിയ അഭിപ്രായവും വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.