navjot-singh-sidhu

അമൃത്സര്‍ : അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലും കപൂര്‍ത്തലയിലെ ഗുരുദ്വാരയിലും അരങ്ങേറിയ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിവാദ പരാമർശം നടത്തി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്നായിരുന്നു സിദ്ദു പറഞ്ഞത്. .'ഏത് മതഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും, അത് വിശുദ്ധ ഖുറാനോ ഭഗവദ് ഗീതയോ ഗുരു ഗ്രന്ഥ സാഹിബോ ആയിക്കൊള്ളട്ടെ, അത്തരക്കാരെ പരസ്യമായി തൂക്കിലേറ്റണം' സിദ്ദു പറഞ്ഞു.

പഞ്ചാബിലെ സമാധാനം തകര്‍ക്കാനായി ചിലര്‍ ഗൂഢാലോചന നടത്തുന്നതായും സിദ്ദു ആരോപിച്ചു. ഇതുപോലെ മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങള്‍ അബദ്ധത്തില്‍ സംഭവിക്കുന്നതല്ല. സമൂഹത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ്. ഗുരു സാഹിബ് അടിസ്ഥാനശിലപാകിയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ അടിത്തറയിലാണ് പഞ്ചാബ് നിലനില്‍ക്കുന്നത്. ഒരു വിഭജന ശക്തികള്‍ക്കും പഞ്ചാബിന്റെ ശക്തമായ സാമൂഹിക അടിത്തറ തകര്‍ക്കാനാകില്ല. മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് അതിന് തക്കതായ ശിക്ഷകള്‍ തന്നെ നല്‍കണം.-സിദ്ദു പറഞ്ഞു.