
തൃശൂർ: ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ഭാര്യയുടെ കാമുകൻ തലയ്‌ക്കടിച്ച് കൊന്ന കേസിൽ പതിനാറുകാരനും പങ്ക്. കൊലയ്ക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് പതിനാറുകാരൻ കൂട്ടുനിന്നു. ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളറിയാൻ വിശദമായി ചോദ്യം ചെയ്യും.
ബംഗാൾ ഹുബ്ലി ഫരീദ്പുർ സ്വദേശി മൻസൂർ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ രേഷ്മാബീവിയേയും, കാമുകനായ ബംഗാൾ സ്വദേശി ബീരുവിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും ഒന്നിച്ച് ജീവിക്കാനാണ് മാലിക്കിനെ കൊലപ്പെടുത്തിയത്.
12 വർഷത്തോളമായി പാറക്കോവിലിൽ സ്വർണപ്പണി ചെയ്തുവരികയായിരുന്നു മൻസൂർ. ഇയാളുടെ സഹായിയായിരുന്നു ബീരു. ഇരുനില വാടകവീട്ടിൽ മൻസൂറും കുടുംബവും മുകളിലും ബീരു താഴെയുമായിരുന്നു താമസം. കഴിഞ്ഞ രണ്ട് വർഷമായി ബീരുവും രേഷ്മയും പ്രണയത്തിലായിരുന്നു. മൻസൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെങ്കിലും പോയി താമസിക്കാൻ ഒരു വർഷം മുൻപേ ഇവർ തീരുമാനിച്ചിരുന്നു.
ഉറങ്ങുകയായിരുന്ന മൻസൂറിനെ ഈ മാസം 12ന് രാത്രി കൊലപ്പെടുത്തി. മൃതദേഹം ഒരു ദിവസം മുഴുവൻ ടോയ്‌ലറ്റിൽ ഒളിപ്പിച്ചു. പിറ്റേന്ന് രാത്രി വീടിന് പിൻഭാഗത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.