monsoor

തൃശൂർ: ബംഗാൾ സ്വദേശിയായ മൻസൂറിനെ ഭാര്യ രേഷ്മയും കാമുകൻ ബീരുവും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. യുവാവിനെ മദ്യം കൊടുത്ത് മയക്കിയ ശേഷം കമ്പിപ്പാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. കൊലപാതക വിവരം കുട്ടികളറിയാതിരിക്കാനും ഇരുവരും ശ്രദ്ധിച്ചു.

സ്വർണപ്പണിക്കാരനായ മൻസൂറിന്റെ സഹായി കൂടിയായിരുന്നു ബീരു. ഇരുനില വാടകവീട്ടിൽ മൻസൂറും ഭാര്യയും രണ്ട് കുട്ടികളും മുകളിലും, ബീരുവും കുട്ടിയും താഴെയുമായിരുന്നു താമസം. മുകൾ നിലയിൽ കൊലപാതകം നടക്കുമ്പോൾ താഴെയുള്ള മുറിയിൽ കുട്ടികൾ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ പപ്പയെ അന്വേഷിച്ചപ്പോൾ പുലർച്ചെ നാട്ടിൽപോയെന്നും രേഷ്മ കുട്ടികളോട് പറഞ്ഞു.

പന്ത്രണ്ടാം തീയതിയാണ് കൊലപാതകം നടന്നത്. ഒരു ദിവസം മുഴുവൻ മൻസൂറിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഒളിപ്പിച്ചു. കുട്ടികൾ അങ്ങോട്ട് പോകാതിരിക്കാൻ, പപ്പയുടെ മുറിയിൽ പോയാൽ പപ്പ തല്ലുമെന്നു പറഞ്ഞ് രേഷ്മ ഭയപ്പെടുത്തി. സംഭവങ്ങൾ ഒന്നും അറിയാതെ നിഷ്‌ക്കളങ്കമായി സംസാരിച്ച കുട്ടികളുടെ മുഖം തടിച്ചുകൂടിയ നാട്ടുകാരുടെ കണ്ണുകൾ നനച്ചു. കൊലപാതകമോ വഴക്കോ നടന്നതിന്റെ ഒരു സൂചനയും കുട്ടികളിൽ നിന്ന് പൊലീസിന് ലഭിച്ചില്ല. ഇവരെ ശിശുക്ഷേമസമിതി പ്രവർത്തകർ ഞായറാഴ്ച കൊണ്ടുപോയിരുന്നു.