rss-leaders

ആലപ്പുഴ: ചേർത്തല വയലാറിൽ ആർ.എസ്.എസ്.എസ് ഗഡനായക് നന്ദുകൃഷ്ണയെ (22) കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പിടിയിലായ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൊലപാതകം ആസൂത്രണം ചെയ്ത മണ്ണഞ്ചേരി പൊന്നാട് കവച്ചിറ രാജേന്ദ്രപ്രസാദ്,കലവൂർ കാട്ടൂർ കുളമാക്കി വെളിയിൽ കെ.എം.രതീഷെന്ന കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇരുവരും ഗൂഢാലോചനയിൽ പങ്കാളികളാണ്. അക്രമിസംഘത്തെ സംഘടിപ്പിച്ചതും വാഹനം തരപ്പെടുത്തി നൽകിയതും രാജേന്ദ്രപ്രസാദാണ്. സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിനെ അക്രമിസംഘം ഇടിച്ചുവീഴ്ത്താൻ വാടകയ്‌ക്കെടുത്ത കാർ ചേർത്തല കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപം അന്നപ്പുരയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തി. അക്രമി സംഘത്തിലെ പത്തു പേരെയും തിരിച്ചറിഞ്ഞതായി എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കി.


ശനിയാഴ്ച വൈകിട്ട് ആലപ്പുഴ നഗരത്തിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പങ്കെടുത്ത യോഗത്തിൽ രാജേന്ദ്രപ്രസാദും രതീഷും പങ്കെടുത്തിരുന്നു. സമ്മേളനത്തിന് ശേഷമാണ് ഷാൻ ആക്രമിക്കപ്പെട്ടത്. പ്രതികളെ ആർ.എസ്.എസിന്റെ ആലപ്പുഴ കാര്യാലയത്തിൽ നിന്നാണ് പിടി കൂടിയത്. നന്ദുകൃഷ്ണയുടെ കൊലപാതകത്തിന് തിരിച്ചടിയെന്നോണം ജില്ലയിലെ നാല് എസ്.ഡി.പി.ഐ നേതാക്കളെ ആർ.എസ്.എസ് ലക്ഷ്യമിട്ടിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർ കലവൂർ, മണ്ണഞ്ചേരി, ഓമനപ്പുഴ സ്വദേശികളായ ആർ.എസ്.എസ്. പ്രവർത്തകരാണെന്നും കണ്ടെത്തി.ഷാനിന്റെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി.ബെന്നിക്ക് കൈമാറി.

ഹൃദയം പൊട്ടി ഉറ്റവർ, രൺജിത്തിന് ആദരാഞ്ജലിയർപ്പിച്ചത് ആയിരങ്ങൾ

ഒരിക്കലും എന്നെ കരയിപ്പിച്ചിട്ടില്ല. എന്നിട്ടും ഇന്നീ അൾക്കൂട്ടത്തിന് മുന്നിൽ ഞാൻ കരഞ്ഞുപോവുകയാണ്. എന്നോട് ക്ഷമിക്കണേ ഏട്ടാ...' ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപത്തെ വീട്ടിലെത്തിച്ച രൺജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തിന് മുന്നിൽ ഭാര്യ ലിഷ നെഞ്ചുപൊട്ടി നിലവിളിച്ചപ്പോൾ ആശ്വസിപ്പിക്കാനെത്തിയവരുടെ കണ്ണുകളും ഈറനണിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാവിലെ 10ന് സഹോദരൻ അഭിജിത്തും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി ആലപ്പുഴ ബാർ അസോസിയേഷനിലാണ് ആദ്യമെത്തിച്ചത്. അഭിഭാഷകരും പൗരപ്രമുഖരും നാട്ടുകാരുമടക്കം ആയിരക്കണക്കിനാളുകൾ അവിടെ ആദരാഞ്ജലിയർപ്പിച്ചു.

മൃതദേഹം 12.30ന് വെള്ളക്കിണർ ജംഗ്ഷന് സമീപം എം.ഒ വാർഡിലെ കുന്നുപറമ്പ് വീട്ടിലെത്തിച്ചു. രൺജിത്തിന്റെ ചേതനയറ്റ ശരീരം കണ്ട അമ്മ വിനോദിനിയും മക്കളായ ഭാഗ്യയും ഹൃദ്യയും അലമുറയിട്ടു കരഞ്ഞു. തൊട്ടടുത്തുണ്ടായിരുന്നിട്ടും സഹോദരനെ രക്ഷിക്കാനാകാത്തതിന്റെ നിസഹായതയിലായിരുന്നു അഭിജിത്ത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സന്ദീപ് വചസ്പതി, കെ. സോമൻ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് 1.30ന് മൃതദേഹവുമായുള്ള വിലാപയാത്ര ആറാട്ടുപുഴ വലിയഴീക്കലിലെ തറവാട്ട് വീട്ടിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ടു.

കുടുംബവീട്ടിലും നൂറുകണക്കിന് പേരാണ് അന്ത്യപ്രണാമം നൽകാനെത്തിയത്. അവിടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂട്ടനിലവിളി ഉയർന്നു. വൈകിട്ട് അഞ്ചോടെ മക്കളായ ഭാഗ്യയും ഹൃദ്യയും അന്ത്യകർമ്മം നടത്തി. തുടർന്ന് സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീ കൊളുത്തി. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായ രൺജിത്ത് ശ്രീനിവാസനെ ഞായറാഴ്ച രാവിലെ ഏഴിനാണ് അക്രമികൾ വീടുകയറി വെട്ടിക്കൊന്നത്.