needle

കാക്കനാട്: ആമാശയത്തിൽ കുടുങ്ങിയ ആറ് സെന്റിമീറ്റർ നീളവും വലിയ മൊട്ടുമുള്ള സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്ടർമാർ. വസ്ത്രത്തിൽ കുത്തുന്നതിനായി കടിച്ചുപിടിച്ച മൊട്ടുസൂചി അബദ്ധത്തിൽ വിഴുങ്ങിയ പത്താംക്ളാസുകാരിക്കാണ് ഡോക്ടർമാർ രക്ഷകരായത്. കാക്കനാട് അത്താണി തുരുത്തേപറമ്പിൽ വീട്ടിൽ ഡ്രൈവറായ ഷിഹാബിന്റെ മകൾ ഷബ്ന (15)യാണ് അബദ്ധത്തിൽ മൊട്ടുസൂചി വിഴുങ്ങിയത്. പത്ത് മണിക്കൂറുകൾക്ക് ശേഷമാണ് സൂചി പുറത്തെടുക്കാനായത്.

ഞായറാഴ്ച രാത്രി എട്ടരയോടെ ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തലയിൽ അണിഞ്ഞിരുന്ന മഫ്ത അഴിഞ്ഞുപോയപ്പോൾ തിരികെ ധരിക്കുന്നതിനായി മഫ്തയിൽ കുത്തിയിരുന്ന സൂചി ഷബ്ന കടിച്ചുപിടിച്ചിരുന്നു. ഇതിനിടെ സൂചി അബദ്ധത്തിൽ വിഴുങ്ങിപ്പോയി. ഉടൻ തന്നെ വീട്ടുക‌ാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എക്‌സ്‌റേ പരിശോധിച്ചപ്പോൾ സൂചി ഉള്ളിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി. എന്നാൽ ഇത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് മറ്റ് രണ്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെയും സൂചി പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

ഒടുവിൽ അർദ്ധരാത്രിയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ഇവിടെ നടത്തിയ എക്‌സ്‌റേ പരിശോധനയിൽ ആമാശയത്തിൽ ഭക്ഷണത്തിൽ കുടുങ്ങിയ നിലയിൽ മൊട്ടുസൂചി കണ്ടെത്തുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച രാവിലെ എൻഡോസ്‌‌കോപ്പിയിലൂടെ സൂചി പുറത്തെടുക്കുകയായിരുന്നു. ഒരു മണിക്കൂറായിരുന്നു ഇതിന് വേണ്ടിവന്നത്. ആരോഗ്യനില അനുകൂലമായതോടെ വൈകാതെ ഷബ്നയെ ഡിസ്ചാർജ് ചെയ്തു.