
ന്യൂഡൽഹി: റഷ്യയുടെ അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈൽ അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ആദ്യ സ്‌ക്വാഡ്രൺ പഞ്ചാബ് സെക്‌ടറിൽ വിന്യസിക്കാനാണ് ഒരുങ്ങുന്നത്.
ഇന്ത്യയുടെ പുതിയ മിസൈൽ സംവിധാനത്തിന് പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികളെ ചെറുക്കാൻ കഴിയുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. 5,000 കോടിയുടെ കരാർ പ്രകാരമാണ് റഷ്യ എസ് 400 കൈമാറിയത്.
അഞ്ച് മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്ത് പകരുന്നതാണ് എസ് 400. ഇവയുടെ പ്രവർത്തനത്തിനായി ഇന്ത്യയിലെ സൈനികർ റഷ്യയിൽ പോയി പരിശീലനം നേടിയിരുന്നു.
ശത്രുവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, അവാക്‌സ് വിമാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 400 കി.മീ, 250 കി.മീ, 120 കി.മീ, 40 കി.മീ എന്നിങ്ങനെയുള്ള ദൂരങ്ങളിൽ പ്രവർത്തിക്കുന്ന നാല് വ്യത്യസ്‌ത മിസൈലുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 400 കിലോമീറ്റർ ദൂരത്തിൽ നിന്നുള്ള ശത്രുവിമാനങ്ങളും ക്രൂയിസ് മിസൈലുകളും വരെ ഇവയ്‌ക്ക് തകർക്കാൻ കഴിയും.