
ആലപ്പുഴ: ' എന്തിനാ എന്നെ വിധവയാക്കിയത്', 'ഞാനീ മക്കളെയും കൊണ്ട് എന്ത് ചെയ്യും' 'ഒരിക്കലും എന്നെ കരയിപ്പിച്ചിട്ടില്ല, എന്നിട്ടും ഇന്നീ ആൾക്കൂട്ടത്തിന് മുന്നിൽ ഞാൻ കരഞ്ഞുപോവുകയാണ്. എന്നോട് ക്ഷമിക്കണേ ഏട്ടാ...' ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപത്തെ വീട്ടിലെത്തിച്ച ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തിന് മുന്നിൽ ഭാര്യ ലിഷ നെഞ്ചുപൊട്ടി നിലവിളിച്ചപ്പോൾ ആശ്വസിപ്പിക്കാനെത്തിയവരുടെ കണ്ണുകളും നിറഞ്ഞു.
'ഏട്ടൻ പറയും, ഞാൻ സ്വയംസേവകനായി ജീവിക്കും, സ്വയംസേവകനായി മരിക്കും എന്ന്. അറംപറ്റുന്ന വാക്കു പറയല്ലേ എന്ന് ഞാൻ പറഞ്ഞതാ. കേട്ടില്ല. ശത്രുക്കളാരുമില്ലായിരുന്നു. എല്ലാവരും മിത്രങ്ങളായിരുന്നു...ഇനി ഞാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞിട്ടുപോകൂ'- മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുമ്പോൾ ലിഷ പറഞ്ഞു.
അച്ഛാ... എന്നുറക്കെ വിളിച്ച് മക്കളായ ഹൃദ്യയും ഭാഗ്യയും നിലവിളിച്ചപ്പോൾ കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും പ്രതിസന്ധിയിലായി. വൈകിട്ട് അഞ്ചോടെ ഭാഗ്യയും ഹൃദ്യയും അന്ത്യകർമ്മം നടത്തി. തുടർന്ന് സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീ കൊളുത്തി.